പരിക്ക്, ജീസസ് ബ്രസീൽ ടീമിൽ നിന്നും പുറത്ത്, പകരം യുവസൂപ്പർ താരത്തെ ടീമിലെടുത്ത് ടിറ്റെ!

അടുത്ത മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്നും സൂപ്പർ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസ് പുറത്തായി. പരിക്കാണ് താരത്തെ ചതിച്ചത്. കഴിഞ്ഞ മാഞ്ചസ്റ്റർ സിറ്റിയുടെ വോൾവ്‌സിനെതിരായ മത്സരത്തിലായിരുന്നു ജീസസിന് പരിക്കേറ്റത്. മത്സരത്തിൽ സിറ്റി 3-1 ന് വിജയിക്കുകയും താരം ഗോൾ നേടുകയും ചെയ്തിരുന്നു. താരത്തിന് പകരമായി ഒരു യുവസൂപ്പർ താരത്തെയാണ് ടിറ്റെ ടീമിൽ എടുത്തിരിക്കുന്നത്. ഹെർത്ത ബെർലിനിന്റെ യുവതാരം മാത്യോസ് കുൻഹയെയാണ് ടിറ്റെ ടീമിലേക്ക് വിളിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇരുപത്തിയൊന്ന് വയസ്സുകാരനായ താരം ബ്രസീൽ സീനിയർ ടീമിലേക്ക് യോഗ്യത നേടുന്നത്.

ബ്രസീലിന്റെ അണ്ടർ 23 ടീമിന് വേണ്ടിയും ജർമ്മൻ ക്ലബായ ഹെർത്ത ബെർലിന് വേണ്ടിയും മിന്നും പ്രകടനം നടത്തുന്ന താരമാണ് കുൻഹ. അണ്ടർ 23 ടീമിന് വേണ്ടി കേവലം പതിനാറ് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ ആണ് താരം അടിച്ചു കൂട്ടിയിട്ടുള്ളത്. ഇതോടെ ബ്രസീലിന്റെ മുന്നേറ്റനിരയിൽ നെയ്മർ, റോഡ്രിഗോ, എവെർട്ടൺ, ഫിർമിഞ്ഞോ, റിച്ചാർലീസൺ എന്നിവർക്കൊപ്പം ഇനി കുൻഹയുമുണ്ടാകും. അതേ സമയം ജീസസാവട്ടെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നാണ് കഴിഞ്ഞ സീസണിൽ കളിച്ചത്. 53 മത്സരങ്ങൾ കളിച്ച താരം 34 എണ്ണത്തിൽ ആദ്യ ഇലവനിൽ സ്ഥാനം നേടുകയും തുടർന്ന് 23 ഗോളുകൾ നേടുകയും ചെയ്തിരുന്നു. ഒക്ടോബർ ഒമ്പതിനു ബൊളീവിയക്കെതിരെ സാവോപോളയിൽ വെച്ചും ഒക്ടോബർ പതിമൂന്നിന് പെറുവിനെതിരെ ലിമയിൽ വെച്ചുമാണ് ബ്രസീലിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. നവംബറിലും രണ്ട് മത്സരങ്ങൾ ബ്രസീൽ കളിക്കുന്നുണ്ട്. വെനിസ്വേല, ഉറുഗ്വ എന്നിവർക്കെതിരെയാണത്.

Leave a Reply

Your email address will not be published. Required fields are marked *