പരിക്ക് ഗുരുതരം, ബ്രസീലിയൻ സൂപ്പർ താരത്തിന്റെ ഏഷ്യൻ മോഹം പൊലിയുന്നു!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ ആസ്റ്റൻ വില്ലക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു അവർ എവെർട്ടണെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 64ആം മിനിട്ടിലാണ് ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പേ കൂട്ടിഞ്ഞോ പകരക്കാരനായി കൊണ്ട് കളിക്കളത്തിലേക്ക് വന്നത്. എന്നാൽ 85ആം മിനിട്ടിൽ തന്നെ അദ്ദേഹത്തിന് കളിക്കളം വിടേണ്ടി വരുകയായിരുന്നു.

താരത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ACL ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിരിക്കുന്നത്. അതായത് ദീർഘകാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.കൂട്ടിഞ്ഞോയെ സംബന്ധിച്ചിടത്തോളം ഈ പരിക്ക് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒന്നാണ്.

എന്തെന്നാൽ അദ്ദേഹം ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലായിരുന്നു. സൗദി അറേബ്യയിൽ നിന്നും ഖത്തറിൽ നിന്നുമൊക്കെ കൂട്ടിഞ്ഞോക്ക് ഓഫറുകൾ ലഭിച്ചിരുന്നു. തനിക്ക് അനുയോജ്യമായ നല്ല ഓഫറുകൾ അദ്ദേഹം പരിഗണിച്ച് വരുന്നതിനിടെയാണ് ഈ പരിക്ക് ഏറ്റിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ഏഷ്യൻ മോഹം പൊലിയും എന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ദീർഘകാലം പുറത്തിരിക്കേണ്ടി വരുന്നതിനാൽ അദ്ദേഹത്തിന്റെ ട്രാൻസ്ഫർ നടക്കാൻ സാധ്യതയില്ല

പരിക്ക് എപ്പോഴും വലിയ വെല്ലുവിളിയാണ് കൂട്ടിഞ്ഞോക്ക് സൃഷ്ടിക്കാറുള്ളത്. എഫ്സി ബാഴ്സലോണിൽ എത്തിയതിനുശേഷമായിരുന്നു താരത്തിന് പരിക്ക് വില്ലനായി തുടങ്ങിയത്. നിലവിൽ ബ്രസീൽ ദേശീയ ടീമിൽ നിന്നും ഏറെക്കാലമായി അദ്ദേഹം പുറത്താണ്. ആരാധകർക്ക് പ്രിയപ്പെട്ട താരമാണെങ്കിലും ഇനിയൊരു മടങ്ങിവരവ് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *