പരാജയപ്പെട്ടതിൽ ദുഃഖമുണ്ട്, പക്ഷേ അക്കാര്യത്തിൽ സന്തോഷം: ബ്രസീൽ പരിശീലകൻ പറയുന്നു!

ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്രസീലിനെ മൊറോക്കോ പരാജയപ്പെടുത്തിയത്.ബൗഫൽ,സാബിരി എന്നിവരുടെ ഗോളുകളാണ് മൊറോക്കോക്ക് വിജയം സമ്മാനിച്ചത്.കാസമിറോയാണ് ബ്രസീലിന്റെ ഏക ഗോൾ നേടിയത്.

താൽക്കാലിക പരിശീലകനായ റാമോൻ മെനസസിന് കീഴിലായിരുന്നു ബ്രസീൽ ഈ മത്സരം കളിച്ചിരുന്നത്. ഈ തോൽവിയിൽ അദ്ദേഹം ഇപ്പോൾ ഖേദവും ദുഃഖവുമൊക്കെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരുപാട് യുവതാരങ്ങൾക്ക് ബ്രസീൽ ദേശീയ ടീം ജേഴ്സിയിൽ അരങ്ങേറാനുള്ള അവസരം നൽകിയത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ബ്രസീൽ കോച്ച് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾ പ്രതീക്ഷിച്ച ഒരു റിസൾട്ട് അല്ല ഞങ്ങൾക്ക് ലഭിച്ചത്. ബ്രസീൽ ടീം ആവുമ്പോൾ മികച്ച റിസൾട്ട് എപ്പോഴും ആവശ്യമാണ്.പക്ഷേ ഞങ്ങൾ മികച്ച എതിരാളികൾക്കെതിരെയാണ് കളിച്ചത്, മാത്രമല്ല ഒരുപാട് താരങ്ങൾക്ക് അവസരം നൽകാനും ഞങ്ങൾക്ക് സാധിച്ചു.അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഞങ്ങൾക്ക് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.അത് ഞങ്ങൾ പ്രതീക്ഷിച്ചതായിരുന്നു.പക്ഷേ മൊറോക്കോ ഇരുവശങ്ങളിലും കൂടുതൽ കരുത്തരായിരുന്നു. എന്നിരുന്നാലും ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചു. അത് മുതലെടുക്കാനാവാതെ പോയത് തിരിച്ചടിയായി “ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ മത്സരത്തിൽ ഒരുപാട് പുതിയ താരങ്ങൾ ബ്രസീലിനു വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നു. ഏതായാലും ബ്രസീൽ അടുത്ത മത്സരം കളിക്കുക ജൂൺ മാസത്തിൽ ആയിരിക്കും.അതിനു മുന്നേ ഒരു സ്ഥിര പരിശീലകനെ നിയമിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *