പണി കിട്ടാൻ സാധ്യതയുണ്ട്,ഇംഗ്ലണ്ടിനെ സൂക്ഷിക്കണം: സ്വന്തം ടീമിനെ മുന്നറിയിപ്പുമായി സ്പാനിഷ് പരിശീലകൻ!
യുവേഫ യൂറോ കപ്പിന്റെ ഫൈനൽ മത്സരത്തിൽ കടുത്ത പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടും സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ച്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. സ്പെയിനിനാണ് ഭൂരിഭാഗം പേരും സാധ്യതകൾ കൽപ്പിക്കുന്നതെങ്കിലും ഒരു കാരണവശാലും എഴുതിത്തള്ളാൻ കഴിയാത്ത ടീമാണ് ഇംഗ്ലണ്ട്.
ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീം സ്പെയിൻ തന്നെയാണ്.എല്ലാ മത്സരങ്ങളിലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കരുത്തരായ ക്രൊയേഷ്യ, ഇറ്റലി,ജർമ്മനി, ഫ്രാൻസ് എന്നിവരെയൊക്കെ പരാജയപ്പെടുത്തി കൊണ്ടാണ് സ്പെയിൻ വരുന്നത്.എന്നാൽ ഇംഗ്ലണ്ടിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം മോശമായിരുന്നു.പക്ഷേ പിന്നീട് അവർ മെച്ചപ്പെട്ടുവരികയാണ് ചെയ്തത്.
ഇംഗ്ലണ്ടിനെ വിലകുറച്ച് കാണരുത് എന്നുള്ള മുന്നറിയിപ്പ് തന്റെ സ്വന്തം ടീമിനെ നൽകിയിരിക്കുകയാണ് സ്പാനിഷ് പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ. ഫൈനൽ ഒരൊറ്റ മത്സരത്തിന്റെ കാര്യമാണെന്നും എന്ത് വേണമെങ്കിലും സംഭവിക്കാം എന്നുമാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” പല കിരീട ഫേവറേറ്റുകളെയും മറികടന്നു കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ വരുന്നത്.ഇപ്പോൾ ഞങ്ങളുടെ മുന്നിൽ മറ്റൊരു വലിയ മത്സരമാണ് നിലകൊള്ളുന്നത്. ചിലപ്പോൾ ഇംഗ്ലണ്ടിനേക്കാൾ മികച്ച രൂപത്തിൽ ഞങ്ങൾ ഈ ടൂർണമെന്റിൽ ഇതുവരെ കളിച്ചിട്ടുണ്ടാകാം. പക്ഷേ അതൊരിക്കലും ഫൈനൽ മത്സരത്തെ സ്വാധീനിക്കില്ല.ഫൈനൽ എന്നത് ഒരൊറ്റ മത്സരത്തിന്റെ കാര്യമാണ്.എന്ത് വേണമെങ്കിലും സംഭവിക്കാം. ഒരുപാട് പരിചയസമ്പത്തുള്ള മികച്ച താരങ്ങൾ അവർക്കുണ്ട്. ക്ലബ്ബ് ലെവലിൽ മിന്നിത്തിളങ്ങുന്ന താരങ്ങളാണ് അവരുടെ ടീമിലുള്ളത്.അതുകൊണ്ടുതന്നെ മത്സരം കടുത്തതായിരിക്കും.പക്ഷേ ഈ താരങ്ങൾ വളരാൻ ആഗ്രഹിക്കുന്നവരും പോരാടാൻ തയ്യാറായവരുമാണ്.ഈ കിരീടം നേടാൻ അവർ ശ്രമിക്കുക തന്നെ ചെയ്യും ” ഇതാണ് സ്പാനിഷ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കരുത്തരായ ഫ്രാൻസിനെ സെമിയിൽ പരാജയപ്പെടുത്തി കൊണ്ടാണ് വരുന്നത്. അതേസമയം നെതർലാന്റ്സായിരുന്നു ഇംഗ്ലണ്ടിനോട് സെമി ഫൈനലിൽ പരാജയപ്പെട്ടത്.