പണത്തിന് പ്രാധാന്യമില്ല, പാർട്ടികൾ വെറുക്കുന്നു, ഇമേജ് നഷ്ടപ്പെടുത്തില്ല: വെട്ടി തുറന്നു പറഞ്ഞ് എൻഡ്രിക്ക്.

ബ്രസീലിയൻ വണ്ടർ കിഡായ എൻഡ്രിക്ക് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു താരമാണ്. 17 വയസ്സ് മാത്രമുള്ള ഇദ്ദേഹത്തിന് ബ്രസീലിന്റെ നാഷണൽ ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. ബ്രസീൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് എൻഡ്രിക്ക്. എന്നാൽ ഒരുപാട് ബ്രസീലിയൻ പ്രതിഭകളെപ്പോലെ ഇദ്ദേഹവും തന്റെ കഴിവ് കളഞ്ഞു കുളിക്കുമോ എന്ന ആശങ്കകൾ ആരാധകർക്കുണ്ട്.

സമ്പന്നരായി കഴിഞ്ഞാൽ ഫുട്ബോളിൽ നിന്നും ശ്രദ്ധ തെറ്റി ടാലന്റ് നശിപ്പിച്ച് കളയുന്ന ഒരുപാട് പ്രതിഭകൾ ബ്രസീലിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അക്കൂട്ടത്തിലേക്ക് താൻ പോവാൻ ആഗ്രഹിക്കുന്നില്ല എന്ന് എൻഡ്രിക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇതേക്കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ പുറത്തു പോകുന്നത് തന്നെ ഞാൻ വെറുക്കുന്ന കാര്യമാണ്. പാർട്ടികളും നൈറ്റ് ക്ലബ്ബുകളും ഞാൻ വെറുക്കുന്നു. റസ്റ്റോറന്റുകൾ എനിക്കിഷ്ടമാണ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്ന കാര്യം.ഞാൻ എത്ര പണം സമ്പാദിക്കും എന്നതൊന്നും എനിക്ക് വിഷയമല്ല.മറിച്ച് എനിക്ക് ഫുട്ബോൾ കളിക്കണം.അത് ആസ്വദിക്കണം.

മറ്റു പല താരങ്ങൾക്കും സംഭവിച്ചത് എന്റെ കൺമുന്നിലുണ്ട്.അത് ആവർത്തിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.അതിൽ നിന്നും പഠിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.ചുറ്റും നടക്കുന്നതെല്ലാം ഞാൻ നിരീക്ഷിക്കുന്നുണ്ട്.മോശമായത് ഒന്നും തന്നെ ഞാൻ ചെയ്യില്ല.വളരെ ശാന്തനായി കൊണ്ട് തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ഇമേജ് നഷ്ടപ്പെടുത്തുന്ന ഒന്നും തന്നെ ഞാൻ ചെയ്യില്ല.എന്നെ ഇഷ്ടപ്പെടുന്നവരോടൊപ്പം ചിലവഴിക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.

റയൽ മാഡ്രിഡ് എന്നെ സ്വന്തമാക്കി കഴിഞ്ഞു,ബ്രസീലിലെയും സൗത്ത് അമേരിക്കയിലെയും ഏറ്റവും മികച്ച ക്ലബ്ബിനു വേണ്ടിയാണ് ഞാൻ ഇപ്പോൾ കളിക്കുന്നത്.എന്നെക്കുറിച്ച് ആളുകൾ സംസാരിക്കുന്നതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല.എനിക്ക് ഇതുവരെ ലഭിച്ച എല്ലാത്തിനോടും ഞാൻ ദൈവത്തോട് നന്ദി പറയുക മാത്രമാണ് ചെയ്യുന്നത് ” ഇതാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.

അതായത് മികച്ച ഒരു കരിയർ ഉണ്ടാക്കിയെടുക്കാൻ ഈ യുവതാരം ആഗ്രഹിക്കുന്നു എന്നത് വളരെ വ്യക്തമാണ്. ചില ബ്രസീലിയൻ താരങ്ങളെ പോലെ കരിയർ നശിപ്പിക്കാൻ എൻഡ്രിക്ക് ആഗ്രഹിക്കുന്നില്ല. സൂപ്പർ താരം നെയ്മർ ജൂനിയർ നൈറ്റ് പാർട്ടികളുടെ കാര്യത്തിൽ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. ബ്രസീലിയൻ പ്രസിഡന്റ് പോലും ഇത്തരത്തിലുള്ള ബ്രസീൽ താരങ്ങളെ വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *