പക്കേറ്റയെ ഒഴിവാക്കിയത് എന്തുകൊണ്ട്? ബ്രസീൽ കോച്ചിന്റെ വിശദീകരണം!

വരുന്ന സെപ്റ്റംബർ മാസത്തിൽ രണ്ട് വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്.ബൊളിവിയ,പെറു എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ കഴിഞ്ഞദിവസം ബ്രസീലിന്റെ കെയർ ടെക്കർ മാനേജറായ ഫെർണാണ്ടോ ഡിനിസ് പ്രഖ്യാപിച്ചിരുന്നു.വെസ്റ്റ് ഹാം യുണൈറ്റഡിന്റെ സൂപ്പർ താരമായ ലൂക്കാസ് പക്കേറ്റക്ക് ഈ ടീമിൽ ഇടം ലഭിച്ചിരുന്നില്ല.

നിലവിൽ ബെറ്റിങ് വിവാദത്തിൽ പക്കേറ്റക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇംഗ്ലണ്ടിലാണ് അദ്ദേഹത്തിനെതിരെ ഈ വിവാദങ്ങൾ ഉയർന്നിട്ടുള്ളത്. കാരണം കൊണ്ടാണോ അദ്ദേഹത്തെ ഒഴിവാക്കിയത് എന്നുള്ള ചോദ്യം ഫെർണാണ്ടോ ഡിനിസിനോട് ചോദിക്കപ്പെട്ടിരുന്നു. സൂക്ഷ്മതയുടെ പേരിലാണ് അദ്ദേഹത്തെ മാറ്റിനിർത്തുന്നത് എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ഡിനിസിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ജീവിതത്തിൽ എപ്പോഴും എന്നെ സംരക്ഷിക്കുന്നത് സത്യമാണ്.പക്കേറ്റ യഥാർത്ഥത്തിൽ ഈ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരമാണ് അദ്ദേഹം.പക്ഷേ ഇത് നമ്മൾ സൂക്ഷ്മത പുലർത്തേണ്ട ഒരു സമയമാണ്. ഈ പ്രശ്നങ്ങളെല്ലാം അദ്ദേഹം പരിഹരിക്കേണ്ടതുണ്ട്. അതിനുവേണ്ടി നമ്മൾ അദ്ദേഹത്തിന് സമയം നൽകുകയാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നമുക്കും സമയം ആവശ്യമാണ്. ഞാൻ ഇഷ്ടപ്പെടുന്ന ഒരു താരമാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം ഞാൻ വർക്ക് ചെയ്തിട്ടില്ലെങ്കിലും എനിക്ക് വളരെയധികം ഇംപ്രഷനുണ്ട് ” ഇതാണ് ഡിനിസ് പറഞ്ഞിട്ടുള്ളത്.

മാർച്ച് പന്ത്രണ്ടാം തീയതി നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയും വെസ്റ്റ്‌ ഹാം യുണൈറ്റഡും സമനിലയിൽ പിരിഞ്ഞിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ആ മത്സരത്തിനു മുന്നേ തന്നെ പക്കേറ്റയുമായി അടുത്ത ബന്ധമുള്ള ഒരുപാട് ആളുകൾ,പക്കേറ്റ യെല്ലോ കാർഡ് വഴങ്ങുമെന്ന് ബെറ്റ് വെച്ചിരുന്നു.മത്സരത്തിൽ താരം യെല്ലോ കാർഡ് വഴങ്ങുകയും ചെയ്തിരുന്നു.ഈ വിഷയത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *