ന്യൂയർ വിരമിച്ചു,ടെർ സ്റ്റീഗന്റെ കാര്യത്തിലെ നിലപാട് വ്യക്തമാക്കി നഗൽസ്മാൻ!
കഴിഞ്ഞ യൂറോ കപ്പിലും ജർമ്മൻ ദേശീയ ടീമിന്റെ ഗോൾവല കാത്തത് മാനുവൽ ന്യൂയറായിരുന്നു. തനിക്ക് അവസരം ലഭിക്കാത്തതിലുള്ള നിരാശ അന്ന് തന്നെ മറ്റൊരു ഗോൾകീപ്പറായ ടെർ സ്റ്റീഗൻ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ന്യൂയറെ തന്നെ ഉപയോഗപ്പെടുത്താൻ പരിശീലകനായ നഗൽസ്മാൻ തീരുമാനിക്കുകയായിരുന്നു.യൂറോ കപ്പ് അവസാനിച്ചതിന് പിന്നാലെ ന്യൂയർ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇനി ജർമൻ ദേശീയ ടീമിന്റെ ഗോൾ വല കാക്കാൻ ന്യൂയർ ഉണ്ടാവില്ല.
നേഷൻസ് ലീഗിൽ രണ്ട് മത്സരങ്ങളാണ് ജർമ്മനി ഇപ്പോൾ കളിക്കുന്നത്. എതിരാളികൾ ഹംഗറിയും നെതർലാന്റ്സുമാണ്. ഈ മത്സരങ്ങളിൽ ജർമ്മനിയുടെ ഗോൾ വല കാക്കുക ടെർസ്റ്റീഗനായിരിക്കും എന്നുള്ള കാര്യം പരിശീലകനായ ജൂലിയൻ നഗൽസ്മാൻ വ്യക്തമാക്കിയിട്ടുണ്ട്.താരത്തെ പ്രശംസിക്കാനും പരിശീലകൻ മറന്നിട്ടില്ല.നഗൽസ്മാന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളുടെ പുതിയ നമ്പർ വൺ ഗോൾകീപ്പർ ടെർ സ്റ്റീഗനാണ്. ഒരുപാട് കാലമായി ബാഴ്സലോണയുടെ ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.മാത്രമല്ല അവിടെ എതിരാളികൾ ഇല്ലാത്ത ഒരു ഗോൾകീപ്പർ കൂടിയാണ് അദ്ദേഹം. ഇനി മുതൽ ഞങ്ങളോടൊപ്പവും അങ്ങനെ തന്നെയാണ് “ഇതാണ് ജർമനിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ജർമ്മനിയുടെ ഗോൾകീപ്പിംഗ് പൊസിഷനിൽ ഇനിമുതൽ ടെർ സ്റ്റീഗനെയാണ് കാണാൻ സാധിക്കുക. എന്നാൽ സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഗോൾകീപ്പർ കൂടിയാണ് താരം. ബാഴ്സ ആരാധകരിൽ നിന്ന് പോലും അദ്ദേഹത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. അതിന്റെ കാരണം ഈ ഗോൾകീപ്പർ വരുത്തിവെക്കുന്ന പിഴവുകളാണ്. നിസ്സാരമെന്ന് തോന്നിക്കുന്ന ഷോട്ടുകൾ പോലും പലപ്പോഴും ടെർ സ്റ്റീഗൻ ഗോളുകൾ വഴങ്ങാറുണ്ട്. അതുകൊണ്ടുതന്നെ താരത്തെ ബാഴ്സയിൽ നിന്ന് ഒഴിവാക്കണമെന്നും പലരും ആവശ്യപ്പെടാറുണ്ട്.