നേഷൻസ് ലീഗിന്റെ സെമി ഫൈനൽ ലൈനപ്പായി, കാത്തിരിക്കുന്നത് സൂപ്പർ പോരാട്ടങ്ങൾ !

ഈ സീസണിലെ യുവേഫ നേഷൻസ് ലീഗിന്റെ സെമി ഫൈനൽ ലൈനപ്പ് പുറത്ത് വിട്ടു. ആദ്യ സെമിയിൽ ഇറ്റലിയും സ്പെയിനും തമ്മിൽ കൊമ്പുകോർക്കുമ്പോൾ രണ്ടാം സെമിയിൽ ബെൽജിയവും ഫ്രാൻസും തമ്മിലാണ് മാറ്റുരക്കുന്നത്. ഇറ്റലിയിൽ വെച്ചാണ് ഈ മത്സരങ്ങൾ നടക്കുകയെന്ന് യൂറോപ്യൻ ഫുട്ബോൾസ് ഗവേണിങ് ബോഡി സ്ഥിരീകരിച്ചിട്ടുണ്ട്. ടുറിനിലെ യുവന്റസിന്റെ മൈതാനത്ത് വെച്ചും സാൻ സിറോയിലെ മിലാന്റെ മൈതാനത്ത് വെച്ചുമാണ് സെമിയും ഫൈനലുകളും നടക്കുക. അടുത്ത വർഷം ഒക്ടോബർ ആറു, ഏഴ് എന്നീ തിയ്യതികളിലാണ് സെമി ഫൈനലുകൾ നടക്കുക. ഒക്ടോബർ പത്താം തിയ്യതിയാണ് ഫൈനലും മൂന്നാം സ്ഥാനക്കാർക്കുമുള്ള പോരാട്ടവും അരങ്ങേറുക.

ഗ്രൂപ്പ്‌ നാലിലെ ചാമ്പ്യൻമാരായി കൊണ്ടാണ് സ്പെയിൻ സെമിക്ക്‌ യോഗ്യത നേടിയിട്ടുള്ളത്. ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ വിജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയും ഒന്നിൽ തോൽക്കുകയുമാണ് സ്പെയിൻ ചെയ്തത്. പതിമൂന്നു ഗോളുകൾ സ്പെയിൻ നേടിയപ്പോൾ മൂന്ന് ഗോളുകൾ സ്പെയിൻ വഴങ്ങി. ഗ്രൂപ്പ്‌ ഒന്നിലെ ചാമ്പ്യൻമാരായി കൊണ്ടാണ് ഇറ്റലിയുടെ വരവ്. മൂന്ന് മത്സരങ്ങളിൽ വിജയിക്കാനും മൂന്നെണ്ണത്തിൽ സമനില വഴങ്ങാനുമായിരുന്നു ഇറ്റലിയുടെ യോഗം. ആകെ ഏഴ് ഗോളുകൾ നേടിയപ്പോൾ രണ്ടെണ്ണം വഴങ്ങി. ഗ്രൂപ്പ്‌ മൂന്നിലെ ചാമ്പ്യൻമാരായി കൊണ്ടാണ് ഫ്രാൻസിന്റെ വരവ്. അഞ്ച് ജയം, ഒരു സമനില എന്നിവയായിരുന്നു ഫ്രാൻസിന്റെ സമ്പാദ്യം. ആകെ പന്ത്രണ്ട് ഗോളുകൾ നേടിയപ്പോൾ അഞ്ച് ഗോളുകൾ വഴങ്ങി. ഗ്രൂപ്പ്‌ രണ്ടിലെ ചാമ്പ്യൻമാരായി കൊണ്ടാണ് ബെൽജിയത്തിന്റെ വരവ്. അഞ്ച് ജയവും ഒരു തോൽവിയുമാണ് ബെൽജിയത്തിന്റെ സമ്പാദ്യം. പതിനാറ് ഗോളുകൾ ആകെ നേടിയപ്പോൾ ആറെണ്ണം വഴങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *