നെയ്മർ മടങ്ങിയെത്തുന്നു, ബ്രസീൽ ടീം പ്രഖ്യാപനം ഇന്ന്!

അടുത്ത മാസമാണ് കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമാകുന്നത്.ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ 2 മത്സരങ്ങളാണ് അടുത്തമാസം കളിക്കുന്നത്. സെപ്റ്റംബർ ഒമ്പതാം തീയതി നടക്കുന്ന മത്സരത്തിൽ ബൊളീവിയയാണ് ബ്രസീലിന്റെ എതിരാളികൾ.ബ്രസീലിൽ വെച്ചാണ് ഈ മത്സരം നടക്കുക. പിന്നീട് സെപ്റ്റംബർ പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ പെറുവിനെയാണ് ബ്രസീൽ നേരിടുക.പെറുവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ബ്രസീലിന്റെ കെയർടേക്കർ മാനേജറായ ഫെർണാണ്ടോ ഡിനിസ് പ്രഖ്യാപിക്കും. ബ്രസീലിയൻ സമയം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഈ പ്രഖ്യാപനം ഉണ്ടാവുക. ഇന്ത്യൻ സമയം ഇന്ന് രാത്രി 10:30ന് ബ്രസീലിന്റെ സ്‌ക്വാഡിനെ നമുക്ക് അറിയാൻ സാധിക്കും.ഫെർണാണ്ടോ ഡിനിസ് ആദ്യമായി തിരഞ്ഞെടുക്കുന്ന ടീമായിരിക്കും ഇത്. 2024 പകുതി വരെയാണ് ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് ഇദ്ദേഹം ഉണ്ടാവുക.

വേൾഡ് കപ്പിന് ശേഷം താൽക്കാലിക പരിശീലകനായി കൊണ്ട് ബ്രസീലിനെ നയിച്ചിരുന്നത് റാമോൺ മെനസസായിരുന്നു. അദ്ദേഹത്തിന് കീഴിൽ ബ്രസീലിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.വേൾഡ് കപ്പിന് ശേഷം ആകെ കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടിലും ബ്രസീൽ പരാജയപ്പെടുകയായിരുന്നു.ഇതോടെയാണ് ഡിനിസിനെ CBF പരിശീലകനായി കൊണ്ട് നിയമിച്ചത്. അടുത്ത വർഷം കാർലോ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തിയേക്കും.

ഖത്തർ വേൾഡ് കപ്പിന് ശേഷം ബ്രസീൽ ടീമിന് വേണ്ടി കളിക്കാൻ നെയ്മർക്ക് കഴിഞ്ഞിരുന്നില്ല.പരിക്കു മൂലമാണ് അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായിരുന്നത്.അദ്ദേഹം ഇന്ന് ടീമിലേക്ക് തിരിച്ചെത്തിയേക്കും. അദ്ദേഹത്തിൽ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് തന്നെയായിരിക്കും ഡിനിസും ബ്രസീൽ ടീമിനെ നിർമ്മിക്കുക. ഡയറക്ടറായി ആറ് ടീമുകൾക്കാണ് സൗത്ത് അമേരിക്കയിൽ നിന്നും യോഗ്യത മത്സരങ്ങൾ കളിച്ചുകൊണ്ട് വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിക്കുക. കഴിഞ്ഞ തവണ ഒന്നാമതായി കൊണ്ടായിരുന്നു ബ്രസീൽ വേൾഡ് കപ്പിന് യോഗ്യത നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *