നെയ്മറുടെ സർജറി, കൂടുതൽ വിവരങ്ങൾ പുറത്ത്!

സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും ഗുരുതരമായി പരിക്കേറ്റത് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടയിലായിരുന്നു നെയ്മർക്ക് ഗുരുതരമായി പരിക്കേറ്റത്. താരത്തിന്റെ കാൽമുട്ടിന് ACL ഇഞ്ചുറിയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. നെയ്മർക്ക് സർജറി വേണമെന്നുള്ളത് നേരത്തെ തന്നെ സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ആ സർജറിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രമുഖ മാധ്യമമായ ESPN ബ്രസീൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് നെയ്മറുടെ ക്ലബ്ബായ അൽ ഹിലാലാണ് ഈ സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഈ ഓപ്പറേഷൻ എവിടെ വെച്ച് നടത്തണം? ആരുടെ നേതൃത്വത്തിൽ നടത്തണം എന്നുള്ള കാര്യം നെയ്മർ ജൂനിയറോട് തന്നെ തിരഞ്ഞെടുക്കാൻ അവർ ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിൽ വച്ചുകൊണ്ടാണ് നെയ്മറുടെ സർജറി നടക്കുക.

എന്നാണ് നെയ്മർ സർജറിക്ക് വിധേയനാവുക എന്നുള്ളത് വ്യക്തമല്ല.ഒരു കൃത്യമായ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. എന്നാൽ അടുത്ത പത്തോ പതിനഞ്ചോ ദിവസത്തിനുള്ളിൽ ഈ സർജറി നടത്താനാണ് സാധ്യത. അധികം വൈകാതെ തന്നെ നെയ്മറുടെ സർജറി ഉണ്ടാകുമെന്ന് ESPN ബ്രസീൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചുരുങ്ങിയത് ആറുമാസക്കാലം നെയ്മർ ജൂനിയർ പുറത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

എത്രകാലം നെയ്മർ പുറത്തിരിക്കേണ്ടി വരും എന്നുള്ളത് സർജറി കഴിഞ്ഞ് പുരോഗതിക്കനുസരിച്ച് മാത്രമാണ് കൃത്യമായി പറയാൻ സാധിക്കുക.പ്രധാനപ്പെട്ട ഒരുപാട് മത്സരങ്ങൾ നെയ്മർക്ക് നഷ്ടമാകും. അടുത്തമാസം അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നെയ്മറുടെ സാന്നിധ്യം ഉണ്ടാവില്ല. അടുത്ത കോപ്പ അമേരിക്കക്ക് മുന്നേയെങ്കിലും നെയ്മർ പൂർണ സജ്ജനായി എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ബ്രസീലിയൻ ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *