നെയ്മറുടെ ഉപദേശം ആത്മവിശ്വാസം നൽകി : ആന്റണി!
ബ്രസീൽ ഈ മാസം കളിച്ച മൂന്ന് മത്സരങ്ങളിലും ബൂട്ടണിയാൻ യുവസൂപ്പർ താരമായ ആന്റണിക്ക് അവസരം ലഭിച്ചിരുന്നു.വെനീസ്വെലക്കെതിരെയുള്ള മത്സരത്തിൽ താരം ഗോൾ നേടുകയും ചെയ്തിരുന്നു. താരത്തിന്റെ വേഗതയും ബോൾ കണ്ട്രോളിങ്ങുമൊക്കെ ബ്രസീലിന്റെ ആരാധകർക്ക് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.
ഇന്ന് നടന്ന ഉറുഗ്വക്കെതിരെയുള്ള മത്സരത്തിന് ശേഷം ആന്റണി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. നെയ്മർ നൽകിയ ഉപദേശം തനിക്ക് ആത്മവിശ്വാസം നൽകിയെന്ന് ആന്റണി തുറന്ന് പറഞ്ഞിരുന്നു. കൂടാതെ ഇനിയും ബ്രസീലിനെ സഹായിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും താരം പങ്കു വെച്ചിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Antony ainda vê Copa distante e revela dicas de Neymar na Seleção: "Fala para eu ir para dentro"https://t.co/c9NUgq3X24
— ge (@geglobo) October 15, 2021
“ബ്രസീൽ ടീം നൽകിയ എല്ലാ ആത്മവിശ്വാസവും എനിക്ക് പ്രായോഗികമാക്കാൻ കഴിഞ്ഞു.ഇനിയും ഒരുപാട് സഹായിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഒരുപിടി മികച്ച താരങ്ങളോടൊപ്പം ഈ മൂന്ന് മത്സരങ്ങളിലും പങ്കെടുക്കാൻ കഴിഞ്ഞത് എനിക്ക് സന്തോഷം നൽകുന്നു.ഉള്ളിലേക്ക് കയറി കളിക്കാൻ നെയ്മർ എനിക്ക് ഉപദേശം നൽകിയിരുന്നു. അതെനിക്ക് ആത്മവിശ്വാസം പകർന്നു നൽകി.തീർച്ചയായും ഈ ഗ്രൂപ്പിന്റെ ഐക്യവും ആത്മാർത്ഥയും കരുത്തും അഭിനന്ദിക്കപ്പെടേണ്ടതാണ്.ഇവിടെയുള്ള എല്ലാവരും വിശാലമനസ്കരാണ്.ഒരു മികച്ച ഗ്രൂപ്പ് ആണ് ബ്രസീലിനുള്ളത് ” ഇതാണ് ആന്റണി പറഞ്ഞിട്ടുള്ളത്.
നിലവിൽ ഡച്ച് ക്ലബായ അയാക്സിന് വേണ്ടിയാണ് ആന്റണി കളിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജേതാക്കളായ ബ്രസീൽ ടീമിന് വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു താരം പുറത്തെടുത്തിരുന്നത്.