നെയ്മറില്ലാത്ത ബ്രസീൽ,ടിറ്റെക്ക് പറയാനുള്ളത്!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ഇക്വഡോറാണ്.നാളെ പുലർച്ചെ ഇന്ത്യൻ സമയം 2:30-ന് ഇക്വഡോറിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം അരങ്ങേറുക.സൂപ്പർ താരം നെയ്മർ ജൂനിയർ ഇല്ലാതെയാണ് ബ്രസീൽ ഈ മത്സരത്തിനിറങ്ങുക.

ഏതായാലും നെയ്മറില്ലാത്ത ബ്രസീലിനെ പറ്റി ടിറ്റെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.നെയ്മർ ഇല്ലെങ്കിലും ടീമിനെ ശക്തമായി നിലനിർത്തുക എന്നുള്ളതാണ് തന്റെ ഉത്തരവാദിത്തം എന്നാണ് ടിറ്റെ പറഞ്ഞിട്ടുള്ളത്.കൂടാതെ കൂട്ടിഞ്ഞോയിലും അറ്റാക്കിങ് നിരയിലും താൻ വിശ്വാസം പുലർത്തുന്നുണ്ടെന്നും ടിറ്റെ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടിറ്റെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എപ്പോഴും നെയ്മർ ടീമിൽ ഉണ്ടായിരിക്കണമെന്നുള്ളത് തന്നെയാണ് ഞങ്ങളുടെ ആഗ്രഹം.പക്ഷെ ചില സാഹചര്യങ്ങൾ അതിന് സമ്മതിക്കാറില്ല.പക്ഷെ നെയ്മർ ഇല്ലെങ്കിലും ഈ ടീമിന് വലിയ ലക്ഷ്യങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്. എപ്പോഴും ടീമിനെ ശക്തമായി നിലനിർത്തേണ്ടതുണ്ട്. ഇപ്പോൾ കൂട്ടിഞ്ഞോയുണ്ട്,ഞാൻ അദ്ദേഹത്തിന്റെ ക്വാളിറ്റിയിൽ വിശ്വസിക്കുന്നു.അദ്ദേഹം നേരിട്ട വെല്ലുവിളികളും പരിക്കുകളുമൊക്കെ എനിക്ക് മനസ്സിലാവും.കൂടാതെ അറ്റാക്കിങ് നിര കഴിഞ്ഞ മത്സരത്തിൽ മികച്ച രൂപത്തിൽ കളിച്ചിരുന്നു. അത് തുടരേണ്ടതുണ്ട്. കളത്തിലാണ് ഞങ്ങൾ സംസാരിക്കേണ്ടത് ” ടിറ്റെ പറഞ്ഞു.

നിലവിൽ നെയ്മർ ജൂനിയർ പരിക്കിന്റെ പിടിയിലാണ്. താരം പരിശീലനത്തിന് തിരിച്ചെത്തി എന്നുള്ള കാര്യം കഴിഞ്ഞദിവസം പിഎസ്ജി അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *