നിർണായക മത്സരത്തിൽ എതിരാളികൾ ബ്രസീൽ, എന്ത് വിലകൊടുത്തും വിജയിക്കണമെന്ന് മശെരാനോ

കോൺമബോളിന്റെ പ്രീ ഒളിമ്പിക് ടൂർണമെന്റ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഫൈനൽ റൗണ്ട് മത്സരങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. നാല് ടീമുകൾ ഉള്ള ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നവർക്കാണ് ഒളിമ്പിക് യോഗ്യത ലഭിക്കുക.ഫൈനൽ റൗണ്ടിൽ നടന്ന രണ്ട് മത്സരങ്ങളിലും അർജന്റീന സമനില വഴങ്ങുകയായിരുന്നു.അതേസമയം ബ്രസീൽ ഒരു മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഇന്നത്തെ മത്സരത്തിൽ അവർ വിജയിക്കുകയും ചെയ്തു.അവസാന മത്സരത്തിൽ ബ്രസീലും അർജന്റീനയും തമ്മിലാണ് ഏറ്റുമുട്ടുക.

ആ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ അർജന്റീനക്ക് ഒളിമ്പിക്സിന് യോഗ്യത നേടാം. അതേസമയം സമനില നേടിയാൽ പോലും ബ്രസീലിന് ഒളിമ്പിക്സിന് യോഗ്യത നേടാൻ സാധിക്കും. അതുകൊണ്ടുതന്നെ രണ്ട് ടീമുകളും തമ്മിൽ ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എന്ത് വിലകൊടുത്തും ആ മത്സരത്തിൽ വിജയിക്കേണ്ടതുണ്ട് എന്നുള്ള കാര്യം അർജന്റീനയുടെ അണ്ടർ 23 ടീമിന്റെ പരിശീലകനായ ഹവിയർ മശെരാനോ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ സമനില വഴങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ ഈ ടീമിനെ ആവർത്തിക്കില്ല.മാറ്റങ്ങൾ ഉണ്ടായിരിക്കും.ഏറ്റവും മികച്ച രീതിയിൽ തന്നെ ആ മത്സരത്തിൽ ഞങ്ങൾ ശ്രമിക്കും. മാത്രമല്ല വളരെയധികം ഫിസിക്കലി ഡിമാൻഡിങ്ങ് ആയ ഒരു മത്സരം ആയിരിക്കും അത്.അവസാനത്തെ മത്സരമാണ്. എന്ത് വില കൊടുത്തും ഞങ്ങൾക്ക് വിജയിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഒന്നുമല്ലാത്തവരായി മടങ്ങേണ്ടിവരും. പോസിറ്റീവ് ആയി ചിന്തിക്കുക.മത്സരത്തിൽ വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇന്ന് നടന്ന മത്സരത്തിൽ അർജന്റീനയെ പരാഗ്വയാണ് സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടുകയായിരുന്നു. അതേസമയം ഒന്നിനെതിരെ 2 ഗോളുകൾക്ക് ബ്രസീൽ വെനിസ്വേലയെ പരാജയപ്പെടുത്തുകയായിരുന്നു.ഇനി അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം വരുന്ന ഞായറാഴ്ചയാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *