നിങ്ങൾക്കെന്താ വട്ടാണോ? താരതമ്യത്തിൽ പ്രതികരിച്ച് എൻഡ്രിക്ക്!

കേവലം 17 വയസ്സ് മാത്രമുള്ള യുവസൂപ്പർ താരം എൻഡ്രിക്ക് ഇപ്പോൾ ബ്രസീലിന്റെ നിർണായക താരമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 3 മത്സരങ്ങളിലും അദ്ദേഹം ബ്രസീലിനു വേണ്ടി ഗോൾ നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോക്കെതിരെ ബ്രസീലിന്റെ വിജയ ഗോൾ നേടിയത് എൻഡ്രിക്കാണ്. ഈ മൂന്ന് മത്സരങ്ങളിലും പകരക്കാരന്റെ റോളിൽ ഇറങ്ങി കൊണ്ടാണ് എൻഡ്രിക്ക് ഗോളുകൾ നേടിയിട്ടുള്ളത്.പെലെക്ക് ശേഷം ബ്രസീലിന് വേണ്ടി തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും എൻഡ്രിക്ക് സ്വന്തമാക്കിയിരുന്നു.

നിലവിൽ ഒരുപാട് റെക്കോർഡുകൾ കരസ്ഥമാക്കാൻ ഈ 17കാരനായ താരത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പുതിയ പെലെ,പെലെയുടെ പിൻഗാമി എന്നിവയൊക്കെ ചിലർ ഈ താരത്തെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് എൻഡ്രിക്ക്. നിങ്ങൾക്ക് എന്താ ഭ്രാന്താണോ എന്നാണ് എൻഡ്രിക്ക് ചോദിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

” ഇതൊക്കെ നിങ്ങൾ തന്നെ സ്വയം പടച്ചുവിടുന്നതാണ്.ഭ്രാന്തമായ കാര്യങ്ങളാണ് നിങ്ങൾ സ്വയം സൃഷ്ടിക്കുന്നത്.സോഷ്യൽ മീഡിയയിൽ പല കാര്യങ്ങളും ഞാൻ ഇപ്പോൾ കാണുന്നുണ്ട്. നിങ്ങൾ എന്നെ റോക്കുമായി താരതമ്യം ചെയ്യുന്നു,പെലെയുമായി താരതമ്യം ചെയ്യുന്നു. നിങ്ങൾക്കെന്താ ഭ്രാന്താണോ?പെലെ പെലെയാണ്. അദ്ദേഹത്തെ നിങ്ങൾ ഒരിക്കലും ഒരാളുമായും താരതമ്യം ചെയ്യരുത്. എന്നെ സംബന്ധിച്ചിടത്തോളം അത് വൃത്തികേടാണ്. എല്ലാവർക്കും അവരുടേതായ സ്റ്റോറി ഉണ്ടാകും. നിങ്ങൾ ചെയ്യുന്നത് ഓരോന്ന് പടച്ചു വിടുകയും ഓരോ താരത്തെ മറ്റു താരങ്ങളുമായി കമ്പയർ ചെയ്യുകയുമാണ് ” ഇതാണ് എൻഡ്രിക്ക് പറഞ്ഞിട്ടുള്ളത്.

പെലെയുമായി ആരെയും താരതമ്യം ചെയ്യാൻ പാടില്ല എന്ന് തന്നെയാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്.ബ്രസീലിന്റെ അടുത്ത മത്സരം അമേരിക്കക്കെതിരെയാണ് അവർ കളിക്കുക.ഈ മത്സരത്തിലും പകരക്കാരന്റെ റോളിൽ തന്നെയായിരിക്കും എൻഡ്രിക്ക് ഇറങ്ങുക. പിന്നീട് കോപ്പ അമേരിക്കയിൽ അദ്ദേഹത്തെ പരിശീലകൻ കൃത്യമായി ഉപയോഗപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *