നിക്കോ പാസിന്റെ അവസ്ഥ എനിക്കിപ്പോൾ മനസ്സിലാകും:ഫാബ്രിഗസ്
സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതു കൊണ്ടായിരുന്നു നിക്കോ പാസ് ഇറ്റാലിയൻ ക്ലബ്ബായ കോമോയിലേക്ക് വന്നിരുന്നത്. നിലവിൽ ലോൺ അടിസ്ഥാനത്തിലാണ് പാസ് കോമോക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്. സ്പാനിഷ് സൂപ്പർ താരമായിരുന്ന സെസ്ക്ക് ഫാബ്രിഗസാണ് അവിടെ പരിശീലകനായി കൊണ്ട് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇപ്പോൾ ഈ അർജന്റൈൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
അർജന്റീനക്ക് വേണ്ടി കഴിഞ്ഞ മത്സരത്തിൽ അരങ്ങേറ്റം നടത്തിയ പാസ് ലയണൽ മെസ്സിക്ക് ഒരു അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം എന്നായിരുന്നു നിക്കോ പാസ് അതിന് വിശേഷിപ്പിച്ചിരുന്നത്. ഏതായാലും അടുത്ത മത്സരത്തിൽ താരം കോമോക്ക് വേണ്ടി കളിക്കും എന്നുള്ള കാര്യം ഫാബ്രിഗസ് അറിയിച്ചിട്ടുണ്ട്.പാസ് കടന്നുപോകുന്ന ഇമോഷൻസിനെ തനിക്കിപ്പോൾ മനസ്സിലാക്കാൻ സാധിക്കുമെന്നും പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരു വലിയ യാത്രക്ക് ശേഷമാണ് നിക്കോ വരുന്നത്. കൂടാതെ ഒരുപാട് വൈകാരികമായ അനുഭവങ്ങളും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. തീർച്ചയായും ആ മനോഹരമായ കാര്യങ്ങൾ കാരണം നല്ല രൂപത്തിൽ ഉറങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാകും.എന്റെ കാലത്ത് ഇതൊന്നും എനിക്ക് ഒരു പ്രശ്നവുമായിരുന്നില്ല. എപ്പോഴും കളിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയാണ് ഞാൻ. അവർ യുവ താരങ്ങളാണ്.ഇത്തരം ബുദ്ധിമുട്ടുകളോട് അവർ പരിചിതമാകണം.ദേശീയ ടീമിന്റെ ജേഴ്സി അണിയുന്നത് എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണ് എന്നുള്ളത് എനിക്കറിയാം.നിക്കോ കടന്നുപോകുന്ന ഈ അവസ്ഥയും എനിക്ക് മനസ്സിലാക്കാൻ സാധിക്കും. തീർച്ചയായും ഈ ഇന്റർനാഷണൽ ബ്രേക്കിൽ നിന്നും റിക്കവർ ആവാൻ അദ്ദേഹത്തിന് സമയമുണ്ട്. അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കും ” ഇതാണ് ഫാബ്രിഗസ് പറഞ്ഞിട്ടുള്ളത്.
അതായത് ഇന്റർനാഷണൽ ഡ്യൂട്ടിക്ക് വേണ്ടി ഒരുപാട് ട്രാവൽ ചെയ്യേണ്ടി വന്ന താരമാണ് പാസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിശ്രമം നൽകുമോ എന്നായിരുന്നു ചോദ്യം. എന്നാൽ അദ്ദേഹത്തിന് റിക്കവർ ആവാൻ കഴിയുമെന്നാണ് ഫാബ്രിഗസ് പറഞ്ഞിട്ടുള്ളത്. ഈ സീസണിൽ ആയിരുന്നു കോമോ ഇറ്റാലിയൻ ലീഗിലേക്ക് പ്രമോഷൻ നേടിയത്.