നല്ല സ്ട്രൈക്കർമാർ ഇല്ലാത്തതിന്റെ കാരണം മെസ്സിയും ക്രിസ്റ്റ്യാനോയും: കെയ്ൻ
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ബയേണിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്ൻ. പതിവുപോലെ തകർപ്പൻ പ്രകടനം ഈ സീസണിലും പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.11 ജർമൻ ലീഗ് മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ 5 ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
എന്നാൽ ഫുട്ബോളിൽ വന്ന ചില മാറ്റങ്ങളെ കുറിച്ച് ഇപ്പോൾ ഹാരി കെയ്ൻ സംസാരിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്ത് നിന്നും മികച്ച നമ്പർ നയൻ സ്ട്രൈക്കർമാർ ഇപ്പോൾ ഉയർന്നു വരാത്തതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുടെ സ്വാധീനം മൂലമാണ് ഈ മാറ്റം സംഭവിച്ചതെന്നും ഹാരി കെയ്ൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് നോക്കാം.
“ഫുട്ബോൾ ഇപ്പോൾ കുറച്ച് മാറിയിട്ടുണ്ട്. കാരണം ഇന്ന് വളർന്നുവരുന്ന താരങ്ങൾക്ക് എല്ലാവർക്കും വിങ്ങർമാരാവുകയാണ് വേണ്ടത്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുപാട് കാലം ആധിപത്യം പുലർത്തിയിട്ടുണ്ട്. വളർന്നുവരുന്ന താരങ്ങൾ എല്ലാവരും ഇവരെയാണ് മാതൃകയാക്കുന്നത്.അതുകൊണ്ടാണ് നമ്പർ പൊസിഷനിലേക്ക് പോകാതെ വിങ്ങുകളിലേക്ക് ഇവർ മാറുന്നത്. എന്നാൽ ഞാൻ വളർന്നത് ഒരുപാട് മികച്ച സ്ട്രൈക്കർമാരെ കണ്ടുകൊണ്ടായിരുന്നു. ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ അതിൽ പെട്ട ഒരു ഇതിഹാസമാണ്. അങ്ങനെയാണ് ഞാൻ നമ്പർ നയൻ താരമായി മാറിയത്. ഇന്ന് താരങ്ങൾ ഈ പൊസിഷനിലേക്ക് വരുന്നില്ല എന്നത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.ഗോളടിക്കുക എന്നുള്ളതാണ് ഫുട്ബോളിലെ ഏറ്റവും കഠിനമായ കാര്യം. പലരും അതിൽനിന്നും മാറിനിൽക്കുന്നു ‘ ഇതാണ് ഹാരി കെയിൻ പറഞ്ഞിട്ടുള്ളത്.
കെയ്ൻ,ലെവന്റോസ്ക്കി,ഹാലന്റ് തുടങ്ങിയ ചില താരങ്ങളെ മാറ്റിനിർത്തിയാൽ മികച്ച നമ്പർ നയൻ സ്ട്രൈക്കർമാരുടെ അഭാവം പല ടീമുകളിലും ഉണ്ട്. അതേസമയം പല താരങ്ങളും സെന്റർ സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്നതിനേക്കാൾ വിങ്ങുകളിൽ കളിക്കാനാണ് ഇഷ്ടപ്പെടുന്നത്.എംബപ്പേ,വിനീഷ്യസ്,യമാൽ,സലാ എന്നിവരൊക്കെ ഈ കൂട്ടത്തിൽ പെടുന്നതാണ്.