നമ്മളിപ്പോൾ നായകന്മാരല്ല: ബ്രസീലിനെതിരെ വലിയ വിമർശനവുമായി മുൻ താരം!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. കൊളംബിയയാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ബ്രസീലിന് വേണ്ടി റാഫീഞ്ഞ ഫ്രീകിക്ക് ഗോൾ നേടിയപ്പോൾ കൊളംബിയയുടെ സമനില ഗോൾ മുനോസാണ് സ്വന്തമാക്കിയത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്രസീൽ ക്വാർട്ടറിൽ കരുത്തരായ ഉറുഗ്വയെയാണ് നേരിടുക.
ഈ മത്സരത്തിൽ ആധിപത്യം പുലർത്തിയത് കൊളംബിയയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ക്രിയേറ്റീവ് ആയിട്ടുള്ള യാതൊരുവിധ മുന്നേറ്റങ്ങളും ഇന്ന് ബ്രസീലിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ബ്രസീലിയൻ താരമായിരുന്ന റിക്കാർഡീഞ്ഞോ രംഗത്ത് വന്നിട്ടുണ്ട്. നമ്മളിപ്പോൾ നായകന്മാരല്ല അഥവാ ബ്രസീലിപ്പോൾ ഒരു പ്രധാനപ്പെട്ട ടീമല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബ്രസീലിന്റെ മധ്യനിരയെ ഇദ്ദേഹം വിമർശിക്കുകയും ചെയ്തിട്ടുണ്ട്.റിക്കാർഡീഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
“മധ്യനിരയിൽ നിന്നും കൂടുതൽ കളി വരേണ്ടതുണ്ട്. നന്നായി കളിക്കുന്ന താരങ്ങളെ മധ്യനിരയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. അല്ലാതെ കുറെ ഡിഫൻസീവ് മിഡ്ഫീൽഡർമാർ ഉണ്ടായിട്ട് കാര്യമില്ല. മത്സരം നന്നായി നിരീക്ഷിക്കുകയും ക്രിയേറ്റീവ് ആയിട്ടുള്ള മുന്നേറ്റങ്ങൾ നടത്തുകയും ചെയ്യുന്ന മധ്യനിര താരങ്ങളെയാണ് നമുക്ക് ആവശ്യം. നമ്മൾ ഇപ്പോൾ നായകന്മാരല്ല. ഇന്ന് പ്രതിരോധത്തിൽ ഊന്നി കളിക്കുകയും അവസരം കിട്ടുമ്പോൾ കൗണ്ടർ അറ്റാക്ക് നടത്തുന്ന ഒരു ബ്രസീലിനെയാണ് കാണാൻ കഴിഞ്ഞത്.അതിനർത്ഥം നമ്മൾ ഇപ്പോൾ പ്രധാനപ്പെട്ട ടീം അല്ല എന്നതാണ്.നമ്മൾ നന്നായി കളിക്കുന്നതിനേക്കാൾ ഗോളടിക്കാൻ മാത്രമാണ് ഇന്ന് ശ്രമിച്ചത്.നന്നായി കളിമനയാൻ ശ്രമിച്ചിട്ടില്ല.സ്ട്രൈക്കർക്ക് എപ്പോഴും ഓടേണ്ടി വരിക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് മാത്രം നല്ലൊരു റിസൾട്ട് ഉണ്ടാവില്ല ” ഇതാണ് മുൻ വേൾഡ് കപ്പ് ജേതാവ് കൂടിയായ റിക്കാർഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.
മത്സരത്തിൽ ബ്രസീലിനേക്കാൾ നന്നായി കളിച്ചത് കൊളംബിയ തന്നെയാണ്. 13 ഷോട്ടുകൾ അവർ ഉതിർത്തപ്പോൾ ബ്രസീൽ 7 ഷോട്ടുകൾ മാത്രമാണ് ഉതിർത്തിട്ടുള്ളത്. കഴിഞ്ഞ 26 മത്സരങ്ങളിൽ പരാജയമറിയാതെയുള്ള കുതിപ്പ് കൊളംബിയ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.