നമുക്ക് ഒരുമിച്ച് സ്വർഗ്ഗത്തിൽ പന്ത് തട്ടാം : പെലെ മറഡോണക്കരിക്കിലേക്ക് മടങ്ങി!
2020 നവംബർ 25 നായിരുന്നു ഫുട്ബോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് അർജന്റീന ഇതിഹാസമായ ഡിയഗോ മറഡോണ ലോകത്തോട് വിട പറഞ്ഞത്. മറഡോണയുടെ നിര്യാണം ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ച വ്യക്തികളിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസമായ പെലെ. കാരണം രണ്ടുപേരും അത്രയേറെ അടുത്ത സുഹൃത്തുക്കളായിരുന്നു.
മറഡോണ ലോകത്തോട് വിട പറഞ്ഞ ദിവസം പെലെ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.അതിങ്ങനെയാണ്. ” ഇന്ന് ഒരു ദുഃഖ വാർത്തയാണ് തേടി എത്തിയിട്ടുള്ളത്. എനിക്ക് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടമായി.ലോകത്തിന് ഒരു ഇതിഹാസത്തെയും നഷ്ടമായി. അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം ശക്തി നൽകട്ടെ. ഒരു ദിവസം നമുക്ക് ഒരുമിച്ച് സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് പന്ത് തട്ടാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” പെലെ കുറിച്ചു.
ആ ദിനം വന്നെത്തിയിരിക്കുന്നു..പെലെ മറഡോണയുടെ അരികിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇന്നലെയാണ് പെലെ ലോകത്തോട് വിട പറഞ്ഞത്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെയാണ് രണ്ടു വർഷത്തിനിടെ ഫുട്ബോൾ ലോകത്തിന് നഷ്ടമായിരിക്കുന്നത്. ഫുട്ബോളിന് ഇത്രയധികം ജനപ്രീതി ഉണ്ടാവാൻ കാരണം ഈ രണ്ട് ഇതിഹാസങ്ങളുമായിരുന്നു എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.
ലോകഫുട്ബോളിന് തീർത്താൽ തീരാത്ത നഷ്ടം സംഭവിച്ചു കഴിഞ്ഞു. പക്ഷേ പെലെയും മറഡോണയും സൃഷ്ടിച്ച ലെഗസി ഒരിക്കലും മാഞ്ഞു പോകുന്നില്ല. ലോകം നിലനിൽക്കുന്നിടത്തോളം കാലം അതവിടെ തുടരുക തന്നെ ചെയ്യും.