ദുർബലരോട് പൊട്ടി ഇംഗ്ലണ്ട്, കഷ്ടിച്ച് വിജയിച്ച് ജർമ്മനി!
യൂറോ കപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ടീമുകൾ ഇപ്പോൾ തുടരുകയാണ്.ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ വമ്പൻമാരായ ഇംഗ്ലണ്ടിന് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഐസ്‌ലാന്റിനോടാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടിട്ടുള്ളത്.ഏകപക്ഷീയമായ ഒരു ഗോളിനാണ് ഐസ്ലാൻഡ് അവരെ തോൽപ്പിച്ചിട്ടുള്ളത്. വമ്പൻ താരനിര ഇറങ്ങിയിട്ടും ഇംഗ്ലണ്ട് പരാജയപ്പെടുകയായിരുന്നു.
മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിൽ ഐസ്ലാൻഡ് ലീഡ് എടുത്തു.ആ ഗോൾ തിരികെ അടിക്കാൻ ഇംഗ്ലണ്ടിനെ സാധിക്കാതെ പോയി. ഗോൾകീപ്പർ റാംസ്ഡേയിൽ,സ്ട്രൈക്കർ കെയ്ൻ എന്നിവർക്കൊക്കെ തിളങ്ങാനാവാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുകയായിരുന്നു. അതേസമയം ഇന്നലെ നടന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ കഷ്ടിച്ച് വിജയം നേടാൻ വമ്പൻമാരായ ജർമ്മനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ഗ്രീസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ ജർമ്മനി ഗോൾ വഴങ്ങുകയായിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് അവർ വിജയം പിടിച്ചെടുത്തു.ഹാവർട്സ്,ഗ്രോസ് നേടിയ ഗോളുകളാണ് ജർമ്മനിക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിൽ മികച്ച പ്രകടനമാണ് സൂപ്പർ താരം ടോണി ക്രൂസ് നടത്തിയിട്ടുള്ളത്. ഇനി യൂറോ കപ്പിൽ സ്കോട്ട്ലാൻഡിനെതിരെയാണ് ജർമ്മനി തങ്ങളുടെ അടുത്ത മത്സരം കളിക്കുക.