ദയവായി ശരിയാക്കൂ, ഗ്രൗണ്ടിന് നെയ്മറുടെ വിമർശനം!

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബ്രസീൽ പെറുവിനെ തകർത്തു വിട്ടത്. ഈ മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ഒരു ഗോൾ കണ്ടെത്തിയിരുന്നു. മിന്നുന്ന ഫോമിലാണ് നെയ്മർ നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. ബ്രസീലിന് വേണ്ടി അവസാനമായി കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. എന്നാൽ മത്സരശേഷം തങ്ങൾ കളിച്ച ഗ്രൗണ്ടിനെതിരെ വിമർശനമുയർത്തിയിരിക്കുകയാണ് നെയ്മർ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നെയ്മർ വിമർശനം ഉന്നയിച്ചത്. ദയവായി ഗ്രൗണ്ട് ശരിയാക്കൂ എന്നായിരുന്നു താരത്തിന്റെ അഭ്യർത്ഥന.

റിയോ ഡി ജെനീറോയിലെ നിൽടൺ സാന്റോസ് സ്റ്റേഡിയത്തിലായിരുന്നു ബ്രസീൽ പെറുവിനെ നേരിട്ടത്.ഈ മത്സരത്തിന് ശേഷം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ താൻ ഗോൾ ആഘോഷിക്കുന്ന ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ട് നെയ്മർ കുറിച്ചത് ഇങ്ങനെയായിരുന്നു. ” Engenhao-യിലെ (നിൽടൺ സാന്റോസ് സ്റ്റേഡിയം ) ‘മനോഹരമായ പുൽതകിടിയിൽ ‘ ഇന്നലത്തെ ഗോൾ ആഘോഷിക്കുന്നു ” ഇതായിരുന്നു കുറിച്ചത്. താഴെ ഒരു ഹാഷ്ടാഗ് ഇട്ടു കൊണ്ടാണ് ” ദയവായി ഗ്രൗണ്ട് ശരിയാക്കൂ ” എന്ന് നെയ്മർ അഭ്യർത്ഥിച്ചിട്ടുള്ളത്.കൂടെ ചിരിക്കുന്ന ഇമോജിയും താരം ചേർത്തിട്ടുണ്ട്. ഈ ഗ്രൗണ്ടിനെതിരെ മുമ്പും വിമർശനങ്ങൾ ഉയർന്നിരുന്നു. ബ്രസീലിയൻ പരിശീലകൻ ടിറ്റെയും അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയുമൊക്കെ ഗ്രൗണ്ടിന്റെ നിലവാരത്തെ വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *