തോൽവിക്ക് പിന്നാലെ ഫ്രഞ്ച് ക്യാമ്പിൽ പൊട്ടിത്തെറി,വാ തുറക്കാതെ എംബപ്പേ!
കഴിഞ്ഞ നേഷൻസ് ലീഗ് മത്സരത്തിൽ ഒരു ഞെട്ടിക്കുന്ന തോൽവിയാണ് വമ്പൻമാരായ ഫ്രാൻസിന് ഏറ്റുവാങ്ങേണ്ടി വന്നത്.ഒന്നിനെതിരെ 3 ഗോളുകൾക്ക് ഇറ്റലി അവരെ പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിന്റെ പന്ത്രണ്ടാം സെക്കൻഡിൽ തന്നെ ഫ്രാൻസ് ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ പിന്നീട് 3 ഗോളുകൾ നേടിക്കൊണ്ട് ഇറ്റലി വിജയം പിടിച്ചെടുക്കുകയായിരുന്നു.എംബപ്പേ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ അണിനിരന്നിട്ടും ഫ്രാൻസിന് തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി.
എന്നാൽ ഈ മത്സരത്തിനുശേഷം ഫ്രഞ്ച് ക്യാമ്പിൽ പൊട്ടിത്തെറി സംഭവിച്ചതായി പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്രാൻസ് ഗോൾകീപ്പറായ മൈക്ക് മൈഗ്നനാണ് ഡ്രെസ്സിങ് റൂമിൽ വെച്ചുകൊണ്ട് രൂക്ഷമായ രീതിയിൽ സംസാരിച്ചത്. ടീമിന്റെ അഗ്രഷനും ഡിസയ്റും കുറഞ്ഞതിനെതിരെയാണ് ഇദ്ദേഹം സംസാരിച്ചിട്ടുള്ളത്. വളരെയധികം ദേഷ്യത്തോടെ കൂടിയാണ് ഈ ഗോൾകീപ്പർ ഡ്രസ്സിംഗ് റൂമിൽ എല്ലാവരോടുമായി സംസാരിച്ചത് എന്നാണ് ഈ ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ മറ്റു താരങ്ങൾ ആരും തന്നെ ഡ്രസ്സിംഗ് റൂമിൽ വെച്ച് ഇതിനോട് പ്രതികരിച്ചിട്ടില്ല. ക്യാപ്റ്റൻ കിലിയൻ എംബപ്പേയും വൈസ് ക്യാപ്റ്റൻ അന്റോയിൻ ഗ്രീസ്മാനും വാ തുറന്നില്ല എന്നും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. ഈ രണ്ടുപേരും ഡ്രസിങ് റൂമിൽ മൗനം പാലിക്കുകയായിരുന്നു. ഇതിനുശേഷം മൈഗ്നനോട് തന്നെ മാധ്യമങ്ങൾ ഇതേക്കുറിച്ച് ചോദിച്ചിരുന്നു.എന്നാൽ അത് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
ഡ്രസിങ് റൂമിനകത്ത് നടന്നത് അവിടെ കഴിഞ്ഞുവെന്നും അതിനെക്കുറിച്ച് പുറത്ത് സംസാരിക്കില്ല എന്നുമായിരുന്നു ഈ ഫ്രഞ്ച് ഗോൾകീപ്പർ പറഞ്ഞിരുന്നത്. ഏതായാലും ടീമിലെ താരങ്ങളുടെ അലസമായ ആറ്റിറ്റ്യൂഡിനെതിരെ ഈ ഗോൾകീപ്പർ വലിയ വിമർശനങ്ങൾ ഉയർത്തി എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.ഇനി അടുത്ത മത്സരത്തിൽ ബെൽജിയം ആണ് ഫ്രാൻസിന്റെ എതിരാളികൾ. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം അരങ്ങേറുക