താരങ്ങൾക്ക് വിശ്രമം ഉണ്ടാവില്ല, കടുത്ത നിയമങ്ങളുമായി ഫിഫ ക്ലബ്ബ് വേൾഡ് കപ്പ്!
പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഇനിമുതൽ ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് അരങ്ങേറുക.അടുത്ത വർഷം ജൂൺ മാസത്തിലാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് നടക്കുന്നത്. അമേരിക്കയാണ് ആതിഥേയത്വം വഹിക്കുന്നത്. 32 ടീമുകളാണ് ഈ ടൂർണമെന്റിൽ ഏറ്റുമുട്ടുക. ആകെ 63 മത്സരങ്ങൾ ഈ ടൂർണമെന്റിൽ ഉണ്ടാകും.
ജൂൺ പതിനഞ്ചാം തീയതിയാണ് വേൾഡ് കപ്പ് തുടങ്ങുന്നത്.ജൂലൈ പതിമൂന്നാം തീയതി ഫൈനൽ നടക്കും. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കഴിഞ്ഞദിവസം ഫിഫ പുറത്തിറക്കിയിട്ടുണ്ട്. താരങ്ങൾക്ക് ഒട്ടും വിശ്രമം ലഭിക്കില്ല എന്നത് ഇതിലൂടെ വ്യക്തമായിട്ടുണ്ട്. അതായത് ആദ്യ മത്സരത്തിന്റെ 5 മുതൽ 3 ദിവസങ്ങൾക്ക് മുന്നേ വരെ ടീമുകൾ റിപ്പോർട്ട് ചെയ്യൽ നിർബന്ധമാണ്. അതായത് ഇന്റർനാഷണൽ ബ്രേക്കിന് ശേഷം താരങ്ങൾക്ക് ഒട്ടും വിശ്രമം ലഭിക്കില്ല എന്നത് ഉറപ്പായി കഴിഞ്ഞു.
മെയ് 31ആം തീയതിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കുന്നത്. അതിനുശേഷം ജൂൺ ആറാം തീയതി മുതൽ പത്താം തീയതി വരെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നുണ്ട്.കൂടാതെ മറ്റു ഇന്റർനാഷണൽ മത്സരങ്ങളും നടക്കുന്നുണ്ട്. അതിനുശേഷം ഉടൻതന്നെ താരങ്ങൾ ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന് വേണ്ടി യാത്ര തിരിക്കേണ്ടി വരും. ഇത് പ്രധാനപ്പെട്ട താരങ്ങൾക്കെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. പലരും ഈ ടൈറ്റ് ഷെഡ്യൂളിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
സ്‌ക്വാഡിൽ ഏറ്റവും ചുരുങ്ങിയത് 26 താരങ്ങൾ ഉണ്ടായിരിക്കണമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്. 35 താരങ്ങളെ വരെ ടീമുകൾക്ക് ഉൾപ്പെടുത്താം. കൂടാതെ ജൂൺ ഒന്നുമുതൽ പത്താം തീയതി വരെ ഒരു ഷോർട് ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ചെയ്യുകയും ചെയ്യും.ഇങ്ങനെയൊക്കെയാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന്റെ പദ്ധതികൾ. പക്ഷേ പലരും ഈ ടൂർണമെന്റിനോടുള്ള തങ്ങളുടെ എതിർപ്പുകൾ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.