തന്റെ റോൾ എന്ത്? വ്യക്തമാക്കി എംബപ്പേ

തകർപ്പൻ പ്രകടനമാണ് ഇപ്പോൾ ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി സൂപ്പർ താരം കിലിയൻ എംബപ്പേ പുറത്തെടുക്കുന്നത്. കഴിഞ്ഞ ഹോളണ്ടിനെതിരെയുള്ള മത്സരത്തിൽ രണ്ട് ഗോളുകൾ നേടാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. ഫ്രാൻസിന്റെ ക്യാപ്റ്റനായതിനുശേഷം എംബപ്പേ കളിക്കുന്ന ആദ്യമത്സരം കൂടിയായിരുന്നു അത്. ഫ്രാൻസിന് വേണ്ടി അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ ആണ് ഈ താരം നേടിയിട്ടുള്ളത്.

ഏതായാലും ഫ്രഞ്ച് ദേശീയ ടീമിലെ തന്റെ റോൾ എന്താണ് എന്നുള്ളത് ഇപ്പോൾ എംബപ്പേ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഫ്രാൻസ് ടീമിലെ ഓൾഡ് ജനറേഷനേയും ന്യൂ ജനറേഷനെയും ബന്ധിപ്പിക്കുന്ന കണ്ണി താനാണ് എന്നാണ് എംബപ്പേ ഇപ്പോൾ പറഞ്ഞിട്ടുള്ളത്. പക്ഷേ അതൊരിക്കലും സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നില്ലെന്നും എംബപ്പേ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ദേശീയ ടീമിനകത്ത് പുതിയ ജനറേഷനെയും പഴയ ജനറേഷനെയും ബന്ധിപ്പിക്കുന്ന കണ്ണി ഞാനാണ്.അത് വളരെ വ്യക്തമാണ്. പക്ഷേ അതുമായി ബന്ധപ്പെട്ട യാതൊരുവിധ സമ്മർദ്ദങ്ങളും ഇവിടെയില്ല.അതെല്ലാം വളരെ നല്ല രൂപത്തിൽ തന്നെ മുന്നോട്ടു പോകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് “ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പിന് ശേഷം നിരവധി താരങ്ങൾ ഫ്രഞ്ച് ദേശീയ ടീമിൽ നിന്നും വിരമിച്ചിരുന്നു. മാത്രമല്ല അന്റോയിൻ ഗ്രീസ്മാനെ തഴഞ്ഞുകൊണ്ട് എംബപ്പേയെ ക്യാപ്റ്റനാക്കിയത് വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ വിവാദങ്ങൾക്കൊന്നും വലിയ സ്ഥാനമില്ല എന്നുള്ളത് കഴിഞ്ഞ മത്സരത്തോടുകൂടി ഈ രണ്ടു താരങ്ങളും തെളിയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *