ഡോണ്ണാരുമയുടെ ഇപ്പോഴത്തെ ഫോമിൽ പേടിയുണ്ടോ? ഇറ്റലി കോച്ച് പറയുന്നു!
ഈ വരുന്ന ഖത്തർ വേൾഡ് കപ്പിന് നേരിട്ട് യോഗ്യത നേടാൻ കഴിയാതെ പോയ ടീമാണ് ഇറ്റലി.നിലവിലെ യുറോ ചാമ്പ്യൻമാരായ ഇറ്റലിയുടെ ഏക ആശ്രയം പ്ലേ ഓഫ് മത്സരങ്ങളാണ്.നോർത്ത് മാസിഡോണിയയെയാണ് ഇറ്റലി നേരിടുക. ആ മത്സരത്തിൽ വിജയിച്ചാൽ ഫൈനൽ കളിക്കേണ്ടിവരും.അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ഫൈനലിൽ ഇറ്റലിയും പോർച്ചുഗലും ഏറ്റുമുട്ടാനാണ് സാധ്യത. അതിൽ വിജയിക്കുന്നവർക്ക് മാത്രമാണ് വേൾഡ് കപ്പിന് യോഗ്യത ലഭിക്കുക. അതുകൊണ്ടുതന്നെ ഇറ്റലിയെ കാത്തിരിക്കുന്ന നിർണായക മത്സരങ്ങളാണ്.
എന്നാൽ ഇറ്റാലിയൻ ഗോൾകീപ്പറായ ഡോണ്ണാരുമ നിലവിൽ മോശം ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.അതായത് റയലിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തിന്റെ പിഴവിൽ നിന്നും ഒരു ഗോൾ വഴങ്ങേണ്ടി വന്നിരുന്നു. അതുമാത്രമല്ല അവസാനത്തെ രണ്ട് മത്സരങ്ങളിൽ നിന്ന് താരം ആകെ വഴങ്ങിയത് 6 ഗോളുകളാണ്. അതുകൊണ്ടുതന്നെ താരത്തിന് ഇപ്പോൾ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.
Italian National Team Manager Mancini Discusses Donnarumma’s Recent Form at PSG https://t.co/kWPNtm9mHE
— PSG Talk (@PSGTalk) March 21, 2022
എന്നാൽ ഡോണ്ണാരുമയുടെ നിലവിലെ ഫോമിന്റെ കാര്യത്തിൽ പേടിയൊന്നുമില്ല എന്നുള്ള കാര്യം ഇറ്റലിയുടെ പരിശീലകനായ റോബെർട്ടോ മാൻസിനി തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മാൻസിനി പറഞ്ഞത് ഇങ്ങനെയാണ്.
” ഡോണ്ണാരുമയുടെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു പേടിയുമില്ല.അദ്ദേഹം ഞങ്ങൾക്കെതിരെ നിൽക്കുന്നതിനേക്കാൾ നല്ലതാണ് അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടായിരിക്കുന്നത് ” ഇതാണ് മാൻസിനി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ യൂറോകപ്പ് കിരീടം ഇറ്റലിക്ക് നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഡോണ്ണാരുമയായിരുന്നു. വ്യാഴാഴ്ചയാണ് നോർത്ത് മാസിഡോണിയയെ പ്ലേ ഓഫ് മത്സരത്തിൽ ഇറ്റലി നേരിടുക. വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 1:15-നാണ് ഈയൊരു മത്സരം അരങ്ങേറുക.