ഡെമ്പലെ വിഷയത്തിൽ മാപ്പ് പറഞ്ഞ് സാംപോളി
ഇത്തവണത്തെ യുവേഫ യൂറോ കപ്പിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ ഫ്രാൻസിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല അവരുടെ സൂപ്പർതാരമായ ഡെമ്പലെ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.യാതൊരുവിധ ഇമ്പാക്റ്റുകളും ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇക്കാര്യത്തിൽ താരത്തെ വിമർശിച്ചുകൊണ്ട് മുൻ അർജന്റൈൻ പരിശീലകനായ ജോർഹെ സാംപോളി രംഗത്ത് വന്നിരുന്നു. ഓട്ടിസം ബാധിച്ച ഒരാളെപ്പോലെയാണ് ഡെമ്പലെ കളിച്ചിരുന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ പരാമർശം.ഡെമ്പലെയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
“ഡെമ്പലെക്ക് ബോൾ ലഭിക്കുമ്പോൾ ബാക്കിയുള്ള താരങ്ങൾ വെറും കാഴ്ചക്കാർ മാത്രമാണ്. അത് എങ്ങനെ അവസാനിക്കും എന്നുള്ളത് അവർക്ക് നോക്കിയിരുന്നാൽ മാത്രം മതി. ഓട്ടിസം ബാധിച്ച ഒരാൾ കളിക്കുന്നത് പോലെയാണ് ഡെമ്പലെ കളിക്കുന്നത്. ഒരു മുന്നേറ്റം ഡെമ്പലെ തുടങ്ങിയാൽ അത് അദ്ദേഹം തന്നെ അവസാനിപ്പിക്കുകയാണ് ചെയ്യുക.സഹതാരങ്ങൾക്ക് തിളങ്ങാനുള്ള ഒരു അവസരം അദ്ദേഹം ഒരുക്കാറില്ല. സ്വയം തിളങ്ങുക എന്നുള്ളത് മാത്രമാണ് അദ്ദേഹത്തിന് അറിയുക ” ഇതായിരുന്നു സാംപോളി പറഞ്ഞിരുന്നത്.
ഇത് പിന്നീട് വലിയ വിവാദമായി.ഓട്ടിസം ബാധിച്ചവരെ അപമാനിക്കുകയാണ് ഇതുവഴി ഈ അർജന്റൈൻ പരിശീലകൻ ചെയ്തതെന്ന് ആരോപിക്കപ്പെട്ടു. ഇതോടെ അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്.സാംപോളിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരിക്കലും മനപ്പൂർവ്വം ഞാൻ ഓട്ടിസത്തെ അപമാനിച്ചിട്ടില്ല.ഇക്കാര്യത്തിൽ ഞാൻ എല്ലാവരോടും മാപ്പ് പറയുന്നു. ഞാൻ ആ താരത്തെക്കുറിച്ച് മാത്രമാണ് സംസാരിച്ചത്. പക്ഷേ എല്ലാത്തിനേക്കാളും ഉപരി സംസാരിക്കുമ്പോൾ നമ്മൾ വാക്കുകൾ നന്നായി സൂക്ഷിക്കേണ്ടതുണ്ട് ” ഇതാണ് സാംപോളി പറഞ്ഞിട്ടുള്ളത്.
അതായത് ആ വാക്ക് അറിയാതെ വന്നു പോയതാണ് എന്നാണ് ഇദ്ദേഹം നൽകുന്ന വിശദീകരണം. ഫുട്ബോൾ ലോകത്തെ പല പ്രധാനപ്പെട്ട ക്ലബ്ബുകളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയെയായിരുന്നു ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നത്.