ഡീഞ്ഞോയുടെ അന്നത്തെ ബ്രസീലല്ല ഇന്നത്തെ ബ്രസീൽ, അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരം:റൊമാരിയോ പറയുന്നു!
ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവന ഫുട്ബോൾ ലോകത്തെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു.നിലവിലെ ബ്രസീലിയൻ ടീമിനെതിരെ ഈ ഇതിഹാസം പരസ്യമായി വിമർശനം ഉന്നയിക്കുകയായിരുന്നു. ബ്രസീൽ ടീമിനെ താൻ ഉപേക്ഷിക്കുകയാണെന്നും ബ്രസീലിന്റെ കോപ്പ അമേരിക്കയിലെ ഒരൊറ്റ മത്സരം പോലും താൻ കാണുന്നില്ല എന്നുമായിരുന്നു ഡീഞ്ഞോ പറഞ്ഞിരുന്നത്. ബ്രസീലിന്റെ ഏറ്റവും മോശം ടീമാണ് ഇതെന്നും ടീമിന്റെ എല്ലാം നഷ്ടമായിട്ടുണ്ടെന്നും ഡീഞ്ഞോ ആരോപിച്ചു.അദ്ദേഹത്തിന്റെ ഈ പ്രസ്താവന ബ്രസീലിയൻ താരങ്ങളെയും ആരാധകരെയും ഒരുപോലെ അത്ഭുതപ്പെടുത്തി.
എന്നാൽ ഈ പ്രസ്താവനയിൽ പിന്നീട് ഡീഞ്ഞോ തന്നെ മലക്കം മറഞ്ഞിട്ടുണ്ട്. ഇതൊരു പ്രമോഷന്റെ ഭാഗമായി കൊണ്ട് താൻ പറഞ്ഞതാണ് എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം. മുൻപത്തേക്കാൾ കൂടുതൽ ബ്രസീലിയൻ ടീമിനെ താൻ സപ്പോർട്ട് ചെയ്യുമെന്നും ബ്രസീലിയൻ ആരാധകരും ടീമിനെ നന്നായി സപ്പോർട്ട് ചെയ്യണമെന്നും ഇദ്ദേഹം പറഞ്ഞു. ഏതായാലും ഡീഞ്ഞോ ആദ്യം നടത്തിയ വിമർശനങ്ങളോട് ബ്രസീലിയൻ ഇതിഹാസമായ റൊമാരിയോ പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഇപ്പോഴത്തെ ബ്രസീൽ ടീമിനെയും ഡീഞ്ഞോയുടെ ബ്രസീൽ ടീമിനെയും പരസ്പരം താരതമ്യം ചെയ്യുകയാണെങ്കിൽ ഡീഞ്ഞോ പറഞ്ഞത് 100% ശരിയാണ്. കാരണം ഡീഞ്ഞോയുടെ ബ്രസീലാണ് അവസാനമായി ലോകം കീഴടക്കിയ ബ്രസീൽ.അവരെപ്പോലെ ഒരു ടീമിനെ ഇൻട്രൊഡ്യൂസ് ചെയ്യുക എന്നത് ഇനി ഏറെക്കുറെ അസാധ്യമായ കാര്യമാണ്. നിലവിലെ ബ്രസീൽ ടീം അത്ര നല്ല നിലയിൽ ഒന്നുമല്ല ഉള്ളത്. കോപ്പ അമേരിക്ക വരുന്നുണ്ട്. ബ്രസീൽ ടീമിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പരീക്ഷണമായിരിക്കും.ബുദ്ധിമുട്ടേറിയ ഒന്നായിരിക്കും. പക്ഷേ ബ്രസീൽ പോസിറ്റീവായ രീതിയിൽ ഇമ്പ്രൂവ് ആകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.റൊണാൾഡീഞ്ഞോ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാനുള്ള അവസരമാണ് ബ്രസീൽ ടീമിന്റെ മുന്നിൽ ഇപ്പോൾ ഉള്ളത്,അതിന് അവർ ചെയ്യേണ്ടത് കോപ്പ അമേരിക്ക കിരീടം നേടുക എന്നതാണ് ” ഇതാണ് മറ്റൊരു ബ്രസീലിയൻ ഇതിഹാസമായ റൊമാരിയോ പറഞ്ഞിട്ടുള്ളത്.
പ്രമോഷന്റെ ഭാഗമായി കൊണ്ടാണെങ്കിലും ഡീഞ്ഞോയുടെ വാക്കുകൾ ബ്രസീലിയൻ ഫുട്ബോൾ ലോകത്ത് വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഒരുപാട് പേർ അതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. കോപ്പ അമേരിക്കക്ക് ഒരുങ്ങുന്ന ബ്രസീൽ താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സമ്മർദ്ദം ഉണ്ടാക്കുന്ന ഒന്നാണ്.ടൂർണമെന്റിൽ അത് എത്രത്തോളം പ്രതിഫലിക്കും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.