ഡീഞ്ഞോക്ക് മുകളിൽ,മെസ്സിക്കും ക്രിസ്റ്റ്യാനോക്കും തൊട്ട് താഴെ:നെയ്മറെ കുറിച്ച് മുൻ പിഎസ്ജി താരം
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് കണക്കാക്കപ്പെടുന്ന താരമാണ് നെയ്മർ ജൂനിയർ.പക്ഷേ അദ്ദേഹത്തിന്റെ പ്രതിഭയോട് പൂർണമായും നീതിപുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്.പലപ്പോഴും പരിക്കുകൾ അദ്ദേഹത്തിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതുവരെ ഒരു ബാലൺഡി’ഓർ പുരസ്കാരം പോലും നേടാൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല. ഇത്രയധികം ടാലന്റ് ഉണ്ടായിട്ടും നെയ്മർക്ക് ബാലൺഡി’ഓർ നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് വലിയ നിരാശ സമ്മാനിക്കുന്ന ഒരു കാര്യമാണ്.
മുൻപ് പിഎസ്ജിക്ക് വേണ്ടി കളിച്ചിട്ടുള്ള ഫ്രഞ്ച് താരമാണ് യാസീൻ അഡ്ലി.നെയ്മർ ജൂനിയർ ഇദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോയേക്കാൾ എത്രയോ മുകളിലാണ് നെയ്മർ എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.മെസ്സിക്കും ക്രിസ്റ്റ്യാനോക്കും തൊട്ട് താഴെ വരുന്ന താരമാണ് നെയ്മർ എന്നും അഡ്ലി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” നെയ്മർ പിഎസ്ജിയിൽ എത്തിയ സമയത്ത് അദ്ദേഹം ഒരു അന്യഗ്രഹ ജീവിയായിരുന്നു.അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ അസാധാരണമായിരുന്നു. എല്ലാം ചെയ്യാൻ സാധിക്കുന്ന താരമാണ് നെയ്മർ.ഒരിക്കലും അദ്ദേഹത്തിൽനിന്നും പന്ത് നഷ്ടമാവില്ല. ഒരു മെഷീനെ പോലെയാണ് നെയ്മർ.നെയ്മറെ പോലെയൊരു താരത്തെ ഞാൻ കണ്ടിട്ടില്ല. ചില സമയങ്ങളിൽ നെയ്മർ ആണോ റൊണാൾഡീഞ്ഞോയാണോ മികച്ച താരം എന്ന കാര്യത്തിൽ ഡിബേറ്റ് ഉണ്ടാവാറുണ്ട്.എന്റെ അഭിപ്രായത്തിൽ നെയ്മറാണ് മികച്ച താരം.ഡീഞ്ഞോയേക്കാൾ എത്രയോ മുകളിലാണ് അദ്ദേഹം.നെയ്മർ വളരെ കരുത്തനാണ്.മെസ്സി,ക്രിസ്റ്റ്യാനോ എന്നിവരുടെ തൊട്ട് താഴെ വരുന്ന താരമാണ് നെയ്മർ ” ഇതാണ് അഡ്ലി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ഒരു വർഷത്തോളമായി നെയ്മർ ജൂനിയർ കളിക്കളത്തിന് പുറത്താണ്. എന്നാൽ അധികം വൈകാതെ തന്നെ അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ അദ്ദേഹം ബ്രസീലിന് വേണ്ടി കളിക്കും എന്നുള്ള ഒരു ശുഭപ്രതീക്ഷയിലാണ് ബ്രസീലിയൻ ആരാധകരുള്ളത്.