ഡാനിയും റോബിഞ്ഞോയും പീഡനക്കേസിൽ ജയിലിൽ, തള്ളിപ്പറഞ്ഞ് ബ്രസീൽ കോച്ചും സിബിഎഫും!

ബ്രസീലിയൻ ഫുട്ബോളിലെ രണ്ട് ഇതിഹാസങ്ങൾ ഇപ്പോൾ ബലാൽസംഗ കേസിൽ തടവ് ശിക്ഷ അനുഭവിക്കുകയാണ്. സ്പാനിഷ് യുവതിയെ പീഡിപ്പിച്ച കേസിൽ നാലര വർഷത്തെ തടവ് ശിക്ഷയാണ് സ്പാനിഷ് കോടതി ഡാനി ആൽവസിന് വിധിച്ചിട്ടുള്ളത്. അൽബേനിയൻ യുവതിയെ ഇറ്റലിയിൽ വച്ച് പീഡിപ്പിച്ചതിന് 9 വർഷത്തെ തടവ് ശിക്ഷയാണ് ഇറ്റാലിയൻ കോടതി റോബിഞ്ഞോക്ക് വിധിച്ചിട്ടുള്ളത്. ഇറ്റലിയിൽ നിന്നും കടന്നുകളഞ്ഞ റോബിഞ്ഞോയെ ബ്രസീലിയൻ ഗവൺമെന്റ് ബ്രസീലിൽ വെച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രസീലിയൻ ഫുട്ബോളിന് മാത്രമല്ല, ബ്രസീൽ എന്ന രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയ ഒരു സംഭവമാണ് ഇത്. അതുകൊണ്ടുതന്നെ ബ്രസീലിയൻ പരിശീലകനായ ഡൊറിവാൽ ജൂനിയർ ഈ രണ്ട് ഇതിഹാസങ്ങളെയും തള്ളിക്കളഞ്ഞിട്ടുണ്ട്. റോബിഞ്ഞോയെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ഡൊറിവാൽ ജൂനിയർ. ഈ രണ്ട് കേസിലെ ഇരകൾക്കും അദ്ദേഹം പ്രാർത്ഥനയും പിന്തുണയും അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലാണ് ബ്രസീൽ പരിശീലകൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുള്ളത്.

അതേസമയം ഇക്കാര്യത്തിൽ സിബിഎഫ് ഒരു വലിയ സ്റ്റേറ്റ്മെന്റ് തന്നെ ഇറക്കിയിട്ടുണ്ട്.ഈ രണ്ട് താരങ്ങളെയും തള്ളിക്കളയുക തന്നെയാണ് അവർ ചെയ്തിട്ടുള്ളത്. ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവങ്ങളിൽ ഒന്ന് എന്നാണ് CBF ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിലെ രണ്ട് ഐക്കണുകളായ താരങ്ങൾ ഇങ്ങനെ കുറ്റവാളികളായി അവസാനിക്കേണ്ടി വന്നത് നാണക്കേടാണെന്നും CBF പറഞ്ഞിട്ടുണ്ട്.

മാത്രമല്ല ഈ കേസിലെ ഇരകൾക്ക് അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങൾക്ക് നേരെ ഉണ്ടായ അതിക്രമം തുറന്ന് പറയാൻ കാണിച്ച ധൈര്യത്തെ CBF അഭിനന്ദിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെയും വംശീയമായ വേർതിരിവുകൾക്കെതിരെയും എന്നും CBF പോരാടുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഏതായാലും ബ്രസീലും ബ്രസീലിയൻ ഗവൺമെന്റും ആരാധകരുമെല്ലാം ഈ ഇരകൾക്ക് ഇപ്പോൾ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *