ട്രെയിനിങ്ങിൽ നടത്തിയതെല്ലാം കളിക്കളത്തിൽ കാണിച്ചു: ബ്രസീൽ കോച്ച് പറയുന്നു
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ പെറുവിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റാഫീഞ്ഞ പെനാൽറ്റിയിലൂടെ ഇരട്ട ഗോളുകൾ പൂർത്തിയാക്കുകയായിരുന്നു.ലൂയിസ് ഹെൻറിക്കെ ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ നേടിയിട്ടുണ്ട്. കൂടാതെ ആൻഡ്രിയാസ് പെരേര തകർപ്പൻ ഗോൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഈ വിജയം നേടാൻ കഴിഞ്ഞതിൽ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ട്രെയിനിങ്ങിൽ പരിശീലിച്ചതെല്ലാം കളിക്കളത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞു എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. മത്സരഫലത്തിൽ താൻ സന്തോഷവാനാണെന്നും പരിശീലകൻ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“പൊതുവിൽ ഞാൻ സന്തോഷവാനാണ്.അത് രണ്ടാം പകുതിയുടെ കാര്യത്തിൽ മാത്രമല്ല. മറിച്ച് ഞങ്ങൾ ട്രെയിനിങ്ങിൽ പരിശീലിച്ചതെല്ലാം കളിക്കളത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞു എന്ന കാര്യത്തിലാണ്.ആദ്യ പകുതിയിൽ അവരുടെ പ്രതിരോധം ഒരല്പം കടുത്തതായിരുന്നു.ഞങ്ങൾ കരുതിയ പോലെ കാര്യങ്ങൾ നടന്നില്ല.എന്നിട്ട് പോലും ഒരു ഗോൾ നേടാൻ കഴിഞ്ഞു എന്നത് പ്രധാനപ്പെട്ട കാര്യമാണ്.രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഒരു ഗോൾ നേടാനായത് കൂടുതൽ അനുകൂലമായി.എതിരാളികൾ അപ്പോൾ കൂടുതൽ ഓപ്പൺ ആവുകയായിരുന്നു. അതോടുകൂടിയാണ് ഞങ്ങൾ പ്രതീക്ഷിച്ച രൂപത്തിൽ കളിക്കാൻ കഴിഞ്ഞത് “ഇതാണ് ബ്രസീലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പരിശീലകൻ പരീക്ഷിച്ച പുതിയ താരങ്ങൾ എല്ലാവരും തന്നെ മികച്ച പ്രകടനം ഇന്റർനാഷണൽ ബ്രേക്കിൽ നടത്തിയിട്ടുണ്ട്. രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടാൻ ലൂയിസ് ഹെൻറിക്കെക്ക് സാധിച്ചിട്ടുണ്ട്.ഇഗോർ ജീസസ് ഒരു ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള താരങ്ങളെ കൂടുതൽ ഉപയോഗപ്പെടുത്തണം എന്നാണ് ബ്രസീലിയൻ ആരാധകർ ആവശ്യപ്പെടുന്നത്.