ടീമിന് വിമർശനങ്ങൾ ഏറെ, കളിക്കുന്നത് നെയ്മറുടെ റോളിൽ: മാറ്റങ്ങളോട് പ്രതികരിച്ച് റാഫീഞ്ഞ
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ചിലിയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് ചിലിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.ഈ മത്സരത്തിനുള്ള സ്റ്റാർട്ടിങ് ലൈനപ്പ് ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ സ്ഥിരീകരിച്ചിരുന്നു. അതിൽ ഇടം കണ്ടെത്താൻ സൂപ്പർ താരമായ റാഫീഞ്ഞക്ക് സാധിച്ചിട്ടുണ്ട്.
സാധാരണ രീതിയിൽ വിങറായി കൊണ്ട് കളിക്കുന്ന താരമാണ് റാഫിഞ്ഞ. എന്നാൽ ഇനി നമ്പർ 10 റോളിൽ അഥവാ നെയ്മറുടെ റോളിലാണ് റാഫിഞ്ഞ കളിക്കുക.ബാഴ്സയിലെ തകർപ്പൻ പ്രകടനത്തെ തുടർന്നാണ് അദ്ദേഹത്തിന് ഈ പൊസിഷൻ ലഭിച്ചിട്ടുള്ളത്.ഈ പൊസിഷനിലെ മാറ്റത്തെക്കുറിച്ചും ബ്രസീലിയൻ ടീമിനെ ഇപ്പോൾ ലഭിക്കുന്ന വിമർശനങ്ങളെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്.റാഫീഞ്ഞയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ബ്രസീലിന് ആരാധകരിൽ നിന്നും ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കുന്ന സമയമാണോ ഇത് എന്ന് എനിക്ക് പറയാൻ കഴിയില്ല. കാരണം സോഷ്യൽ മീഡിയ അങ്ങനെ ഫോളോ ചെയ്യാത്ത ഒരു വ്യക്തിയാണ് ഞാൻ.അതിന് ഞാൻ മുൻഗണന നൽകാറില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് മനോഹരമായ ഒരു നിമിഷമാണ്.കാരണം ബ്രസീലിയൻ ദേശീയ ടീമിലേക്ക് എത്താനാവുക എന്നുള്ളത് തന്നെ മനോഹരമായ ഒരു കാര്യമാണ്.വിങറായി കൊണ്ട് കളിക്കുക എന്നുള്ളതാണ് എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയ ഒരു പൊസിഷൻ. 6 മാസങ്ങൾക്ക് മുൻപ് മറ്റൊരു പൊസിഷനിലേക്ക് മാറുന്നതിന് കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. പക്ഷേ ക്ലബ്ബിന് വേണ്ടിയാണെങ്കിലും രാജ്യത്തിനു വേണ്ടിയാണെങ്കിലും ഏത് പൊസിഷനിലും നമ്മൾ കളിക്കാൻ തയ്യാറാവേണ്ടതുണ്ട്. മാത്രമല്ല ഓരോ പൊസിഷനിലും രണ്ടോ മൂന്നോ മികച്ച താരങ്ങളെ പരിശീലകന് ലഭ്യമാണ്. കളിക്കളത്തിൽ കൂടുതൽ സമയം ലഭിക്കും എന്നുണ്ടെങ്കിൽ മറ്റേത് പൊസിഷനിലും കളിക്കാൻ നമുക്ക് സാധിക്കും “ഇതാണ് ബ്രസീലിയൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇപ്പോൾ ബാഴ്സലോണയിൽ ഫ്ലിക്കിന് കീഴിൽ റാഫീഞ്ഞ നടത്തിക്കൊണ്ടിരിക്കുന്നത്. 11 മത്സരങ്ങളിൽ നിന്ന് 12 ഗോൾ പങ്കാളിത്തങ്ങൾ ഈ സീസണിൽ ബാഴ്സലോണക്ക് വേണ്ടി വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ലാലിഗയിൽ മാത്രം 5 ഗോളുകളും 4 അസിസ്റ്റുകളും ആണ് അദ്ദേഹം നേടിയിട്ടുള്ളത്. താരത്തിന്റെ ഈ മികവ് ബ്രസീലിനും തുണയാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.