ടീമിന്റെ മോശം പ്രകടനം, പരിശീലകനെ ചോദ്യം ചെയ്ത് ഗ്രീസ്മാൻ!
കഴിഞ്ഞ യൂറോ കപ്പിൽ മോശം പ്രകടനമാണ് വമ്പൻമാരായ ഫ്രാൻസ് നടത്തിയിട്ടുള്ളത്. സെമി ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടുകൊണ്ട് അവർ പുറത്താക്കുകയായിരുന്നു. ടൂർണമെന്റിൽ ഓപ്പൺ പ്ലേയിൽ നിന്നും കേവലം ഒരു ഗോൾ മാത്രമാണ് ഫ്രാൻസ് നേടിയിരുന്നത്. കഴിഞ്ഞ നേഷൻസ് ലീഗ് മത്സരത്തിൽ ഫ്രാൻസ് ഇറ്റലിയോട് ഒരു വമ്പൻ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.
ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാനും യൂറോ കപ്പിൽ മോശം പ്രകടനമാണ് നടത്തിയത്. അതേസമയം ക്ലബ്ബ് തലത്തിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.ഏതായാലും ഫ്രാൻസിന്റെയും തന്റെയും മോശം പ്രകടനത്തിന് ഗ്രീസ്മാൻ പരിശീലകനായ ദെഷാപ്സിനെ ചോദ്യം ചെയ്തിട്ടുണ്ട്.ടാക്റ്റിക്സിലെ മാറ്റങ്ങൾ തങ്ങളെ ബാധിച്ചു എന്നാണ് ഗ്രീസ്മാൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” പൊസിഷന്റെ കാര്യത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.ടാക്റ്റിക്കൽ ചെയ്ഞ്ചുകൾ.അതിനെ ഞങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.യൂറോ കപ്പ് എന്നെ സംബന്ധിച്ചിടത്തോളം നല്ലതായിരുന്നില്ല.ഞാൻ അഡാപ്ട്ടാവാൻ ശ്രമിച്ചു.ഒരുപാട് ദേഷ്യവും നിരാശയും തോന്നി.കാരണം കരുതിയ പോലെ കളിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരു ഗ്രൂപ്പ് എന്ന നിലയിൽ ഞങ്ങൾ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് ” ഇതാണ് ഗ്രീസ്മാൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ലാലിഗയിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി 136 മത്സരങ്ങൾ കളിച്ച താരം 44 ഗോളുകൾ നേടിയിട്ടുണ്ട്. ഇനി ഇന്ന് നടക്കുന്ന മത്സരത്തിൽ ഫ്രാൻസിന്റെ എതിരാളികൾ ബെൽജിയമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15നാണ് മത്സരം നടക്കുക.