ടീമിന്റെ പ്രകടനം മികച്ചതായിരുന്നില്ല, പക്ഷേ സമയം ആവശ്യമാണ്:ബ്രസീൽ ക്യാപ്റ്റൻ!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ വിജയം നേടിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്രസീൽ ചിലിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ചിലിയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. എന്നാൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് ബ്രസീൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.ഇഗോർ ജീസസ്,ലൂയിസ് ഹെൻറിക്കെ എന്നിവർ നേടിയ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
ഈ മത്സരത്തിൽ ബ്രസീലിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞിരുന്നത് മാർക്കിഞ്ഞോസായിരുന്നു.ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.പക്ഷേ പുരോഗതി കൈവരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മത്സരശേഷം ക്യാപ്റ്റൻ പറഞ്ഞ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.അത് ഞങ്ങൾക്ക് തന്നെ അറിയാം.പക്ഷേ ഇമ്പ്രൂവ് ആവാൻ സമയം ആവശ്യമുണ്ട്.തന്റെ കഴിവുകൾ എന്തൊക്കെയാണ് എന്നത് പരിശീലകൻ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് വളരണമെങ്കിൽ സമയവും വർക്കും ആവശ്യമാണ്.പരിശീലകൻ ചെയ്യുന്ന കാര്യത്തിൽ ഞാൻ ഹാപ്പിയാണ്.ഞങ്ങൾക്ക് മോശം മത്സരങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് ശരിയാണ്. പക്ഷേ കൂടുതൽ സമയം എടുത്താൽ മാത്രമാണ് ഇതിനൊക്കെ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.ഗോൾ നേടിയ പുതിയ താരങ്ങളുടെ കാര്യത്തിൽ ഞങ്ങൾ ഹാപ്പിയാണ്.അത്തരത്തിലുള്ള താരങ്ങളെ ഞങ്ങൾ എപ്പോഴും സപ്പോർട്ട് ചെയ്യും. വിജയം നല്ല ഒരു അന്തരീക്ഷത്തെ സൃഷ്ടിക്കുന്നു. ശരിയായ വഴിയിൽ സഞ്ചരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.
ഇതിനു മുൻപുള്ള മത്സരത്തിൽ ബ്രസീൽ പരാഗ്വയോട് പരാജയപ്പെട്ടിരുന്നു.അതിൽ നിന്ന് ഒരു തിരിച്ചുവരവ് ഇപ്പോൾ ബ്രസീലിന് സാധ്യമായിട്ടുണ്ട്. അടുത്ത മത്സരത്തിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ. ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം 6:15നാണ് മത്സരം അരങ്ങേറുക.