ടിവിയിലും വീഡിയോ ഗെയിമിലും കണ്ട താരങ്ങളോടൊപ്പമാണ് കളിക്കാൻ പോകുന്നത്:മുറില്ലോ പറയുന്നു
ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്.വെനിസ്വേലയും ഉറുഗ്വയുമാണ് ബ്രസീലിന്റെ എതിരാളികൾ.ഈ മത്സരങ്ങൾക്കുള്ള ടീമിനെ പരിശീലകൻ പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ ഡിഫൻഡറായ മുറില്ലോക്ക് സാധിച്ചിരുന്നു.കേവലം 22 വയസ്സ് മാത്രമുള്ള ഈ താരം പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നുണ്ട്.അതുകൊണ്ടുതന്നെയാണ് ബ്രസീൽ ദേശീയ ടീമിലേക്ക് ആദ്യമായി അദ്ദേഹത്തിന് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.
ബ്രസീൽ ടീമിൽ ഇടം നേടാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്നാണ് മുറില്ലോ പറഞ്ഞിട്ടുള്ളത്. ടിവിയിലും വീഡിയോ ഗെയിമിലും മാത്രം കണ്ട താരങ്ങളോടൊപ്പമാണ് ഇനി താൻ കളിക്കളം പങ്കിടാൻ പോകുന്നത് എന്നും മുറില്ലോ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഞാൻ ദൈവത്തോട് നന്ദി പറയേണ്ടതുണ്ട്.എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.ഈ താരങ്ങളെ ഞാൻ ടിവിയിലും വീഡിയോ ഗെയിമിലും മാത്രമാണ് കണ്ടിട്ടുള്ളത്. ഇപ്പോൾ അവരോടൊപ്പം കളിക്കളം പങ്കിടുന്നു.ഇതൊരു പ്രിവിലേജ് തന്നെയാണ്.ഞാൻ എന്റെ സ്വപ്നത്തിലാണ് ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ദേശീയ ടീമിന് വേണ്ടി എന്റെ ഡ്യൂട്ടി നിർവ്വഹിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് മുറില്ലോ പറഞ്ഞിട്ടുള്ളത്.
ബ്രസീലിയൻ ക്ലബ്ബായ കൊറിന്ത്യൻസിലൂടെയാണ് ഈ സെന്റർ ബാക്ക് താരം വളർന്നിട്ടുള്ളത്.അവർക്ക് വേണ്ടി 27 മത്സരങ്ങൾ കളിച്ചതിനുശേഷമാണ് ഇദ്ദേഹം പ്രീമിയർ ലീഗിൽ എത്തിയത്. ആദ്യ സീസണിൽ തന്നെ നോട്ടിങ്ഹാം ഫോറസ്റ്റിനു വേണ്ടി 36 മത്സരങ്ങൾ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2022 വേൾഡ് കപ്പ് മുതൽ ബ്രസീൽ ദേശീയ ടീമിൽ ഇടം നേടുന്ന 41ആമത്തെ അരങ്ങേറ്റ താരം കൂടിയാണ് മുറില്ലോ.