ടിവിയിലും വീഡിയോ ഗെയിമിലും കണ്ടവർക്കൊപ്പം,വിശ്വസിക്കാനാവാതെ ബ്രസീലിന്റെ പുതുമുഖ താരം!
വരുന്ന സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന്റെ എതിരാളികൾ മൊറോക്കോയാണ്. വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3:30ന് മൊറോക്കോയിൽ വെച്ചാണ് ഈ മത്സരം നടക്കുക.റാമോൺ മെനസസിന്റെ നേതൃത്വത്തിൽ ഈ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുകയാണ്.
മത്സരത്തിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ യുവ താരമായ റോണിക്ക് കഴിഞ്ഞിരുന്നു. പാൽമിറാസിന്റെ മുന്നേറ്റ നിര താരമായ റോണി ഇതാദ്യമായാണ് ബ്രസീലിന്റെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അതിന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ റോണിയായിരുന്നു പങ്കെടുത്തിരുന്നത്. ബ്രസീലിയൻ ടീം ക്യാമ്പിലെ തന്റെ ആദ്യത്തെ എക്സ്പീരിയൻസുകൾ അദ്ദേഹം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.റോണിയുടെ വാക്കുകളെ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Forward Rony Barbosa eager for Brazil debut https://t.co/XwAS9Chiyu
— The SportsGrail (@tsg_sportsgrail) March 23, 2023
” ചിലപ്പോൾ പ്രാങ്ക് സാഹചര്യങ്ങൾ ഉണ്ടാവാറുണ്ട്. അപ്പോൾ നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്തോ എന്നതിനെക്കുറിച്ച് ആശങ്കപ്പെടും. പക്ഷേ പിന്നീടാണ് അത് പ്രാങ്ക് ആയിരുന്നു എന്ന് മനസ്സിലാവുക. പക്ഷേ ടെലിവിഷനിൽ മാത്രം കണ്ടു പരിചയം ഉള്ള താരങ്ങൾക്കൊപ്പം ഇടപഴകുന്നതും പരിശീലനം ചെയ്യുന്നതുമൊക്കെ വിശ്വസിക്കാനാവാത്ത ഒരു എക്സ്പീരിയൻസ് ആണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പുതിയതാണ്. ഞാൻ വീഡിയോ ഗെയിമുകളിൽ കണ്ടിട്ടുള്ള താരങ്ങളോടൊപ്പം ആണ് നിലകൊള്ളുന്നത് എന്നുള്ളത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇവരെല്ലാം മികച്ച താരങ്ങളാണ്. ഇത് അതുല്യമായ നിമിഷമാണ്, അത് കൊണ്ട് തന്നെ പരമാവധി ആസ്വദിക്കേണ്ടതുണ്ട് “റോണി പറഞ്ഞു.
മൊറോക്കോക്കെതിരെയുള്ള മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ റോണിക്ക് അവസരം ലഭിച്ചേക്കില്ല. എന്നാൽ പകരക്കാരനായി കൊണ്ട് താരത്തിന് അവസരം ലഭിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. 2020 മുതൽ ആണ് ഇദ്ദേഹം പാൽമിറാസിന് വേണ്ടി കളിച്ചു തുടങ്ങിയത്.