ടിറ്റെയുടെ പകരക്കാരനായി എത്തുക ഒരു വിദേശ പരിശീലകൻ!

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിന് ശേഷം താൻ ബ്രസീലിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്നുള്ള കാര്യം പരിശീലകനായ ടിറ്റെ നേരത്തെ അറിയിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഒരു അഭിമുഖത്തിലായിരുന്നു ടിറ്റെ ഇക്കാര്യം സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ ബ്രസീലിന് വേൾഡ് കപ്പിന് ശേഷം ഒരു പരിശീലകനെ ആവശ്യമുണ്ട്.

ഇപ്പോഴിതാ ടിറ്റെയുടെ സ്ഥാനത്തേക്ക് വിദേശ പരിശീലകരെയും സിബിഎഫ് പരിഗണിക്കുന്നുണ്ട്. ഇതേക്കുറിച്ച് എഡ്നാൾഡോ റോഡ്രിഗസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

‘ ഈ ഖത്തർ വേൾഡ് കപ്പിന് ശേഷമാണ് പരിശീലകനെ കുറിച്ചുള്ള ചർച്ചകൾ ഞങ്ങൾ നടത്തുക. പക്ഷേ ഏത് രാജ്യത്തിൽ നിന്നുള്ളതാവണം എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് യാതൊരുവിധ മുൻധാരണകളും ഇല്ല.ബ്രസീലിൽ നിന്നുള്ള പരിശീലകരെയും പരിഗണിക്കും,വിദേശ പരിശീലകരെയും പരിഗണിക്കും ‘ ഇതാണ് എഡ്നാൾഡോ പറഞ്ഞിട്ടുള്ളത്.

ഇതിനു മുൻപ് രണ്ട് തവണയാണ് ബ്രസീലിനെ വിദേശ പരിശീലകർ പരിശീലിപ്പിച്ചിട്ടുള്ളത്.1944ൽ പോർച്ചുഗീസ് പരിശീലകനായ ജോർഹെ ഗോമസും 1965 ൽ അർജന്റൈൻ പരിശീലകനായ ഫിൽപോ നുനസും ബ്രസീലിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോളയുടെ പേര് ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. കൂടാതെ പാൽമിറാസിന്റെ പോർച്ചുഗീസ് പരിശീലകനായ എബെൽ ഫെരേരയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

ഇതുകൂടാതെ ഫ്ലമെങ്കോയുടെ ബ്രസീലിയൻ പരിശീലകനായ ഡോറിവൽ ജൂനിയർ, ഫ്ലുമിനൻസിന്റെ പരിശീലകനായ ഫെർണാണ്ടൊ ഡിനിസ് എന്നിവരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. അതേസമയം ബ്രസീലുകാർക്കിടയിൽ വിദേശ പരിശീലകനെ ആവശ്യമില്ല എന്നുള്ള അഭിപ്രായം ഉയർന്നു വരുന്നുണ്ട്. ഈയിടെ നടത്തിയ ഒരു പോളിൽ വിദേശ പരിശീലകനെ വേണ്ട എന്നുള്ള അഭിപ്രായമാണ് ഭൂരിഭാഗം പേരും രേഖപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *