ഞാൻ ബ്രസീലിനെ ഉപേക്ഷിക്കുകയാണ്, കോപ്പയിലെ മത്സരങ്ങൾ കാണില്ല: തുറന്നടിച്ച് റൊണാൾഡീഞ്ഞോ
സമീപകാലത്ത് മോശം പ്രകടനമാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പിൽ ബ്രസീലിന് നിരാശയാണ് ലഭിച്ചത്. അതിനുശേഷം ഒരുപാട് തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പുതിയ പരിശീലകനായ ഡൊറിവാൽ ജൂനിയർക്ക് കീഴിൽ തിരിച്ചുവരവിനുള്ള ശ്രമങ്ങളാണ് ബ്രസീൽ നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ മത്സരത്തിൽ അമേരിക്കയോട് ബ്രസീൽ സമനില വഴങ്ങുകയും ചെയ്തിരുന്നു.
ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ വളരെയധികം ഞെട്ടിക്കുന്ന ഒരു പ്രസ്താവന ഇപ്പോൾ നടത്തിയിട്ടുണ്ട്. താൻ ബ്രസീലിനെ ഉപേക്ഷിക്കുകയാണ് എന്നാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്. കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ മത്സരങ്ങൾ താൻ കാണില്ലെന്നും ഡീഞ്ഞോ പറഞ്ഞിട്ടുണ്ട്.അതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.ബ്രസീലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ മത്സരങ്ങൾ ഞാൻ കാണുകയില്ല. ഞാൻ ബ്രസീലിനെ ഉപേക്ഷിക്കുകയാണ്.കാരണം ആ ടീമിനകത്ത് ഇപ്പോൾ ഒന്നുമില്ല. എല്ലാം മിസ്സിംഗ് ആണ്.പാഷനും സന്തോഷവും മികച്ച പ്രകടനവുമെല്ലാം മിസ്സിങ്ങാണ്. അതുകൊണ്ടുതന്നെ മത്സരങ്ങൾ ഞാൻ കാണില്ല.ടീമിന്റെ അന്തസത്ത ഇപ്പോൾ നഷ്ടമായിട്ടുണ്ട്.പഴയ ഇച്ഛാശക്തിയൊന്നും നിലവിലെ ബ്രസീലിന് ഇല്ല ” ഇതാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.
ഡീഞ്ഞോയുടെ സ്റ്റേറ്റ്മെന്റ് ബ്രസീലിയൻ ആരാധകർക്ക് ഞെട്ടൽ ഉണ്ടാക്കുന്നതാണെങ്കിലും ഇതിൽ ചില യാഥാർത്ഥ്യങ്ങൾ ഉണ്ട്. പഴയ ബ്രസീലിയൻ ടീമിൽ ഉണ്ടായിരുന്ന ആ ഒരു ആത്മാർത്ഥത ഇപ്പോൾ ടീമിനകത്ത് ഇല്ല എന്നതാണ്. ഒരുപാട് പ്രതിഭകൾ ഉണ്ടായിട്ടും എല്ലാവരും അലസമായ രീതിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഇപ്പോഴത്തെ അർജന്റീന ടീം.