ഞാൻ ക്രിസ്റ്റ്യാനോയാണെന്ന് തോന്നിപ്പോയി: ആ നിമിഷത്തെക്കുറിച്ച് ബെല്ലിങ്ങ്ഹാം പറയുന്നു!
യൂറോ കപ്പിൽ നടന്ന കഴിഞ്ഞ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടും സ്ലോവാക്യയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഇംഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ അവരെ രക്ഷിച്ചത് ജൂഡ് ബെല്ലിങ്ങ്ഹാമായിരുന്നു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഒരു തകർപ്പൻ ബൈസിക്കിൾ കിക്ക് ഗോൾ നേടിക്കൊണ്ട് ഇംഗ്ലണ്ട് സമനില പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് എക്സ്ട്രാ ടൈമിൽ ഹാരി കെയ്ൻ ഒരു ഗോൾ നേടുകയും അങ്ങനെ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയുമായിരുന്നു.
മത്സരത്തിന്റെ 95ആം മിനിട്ടിലായിരുന്നു ബെല്ലിങ്ങ്ഹാമിന്റെ ബൈസിക്കിൾ കിക്ക് ഗോൾ പിറന്നത്. ഇതോടെ യൂറോ കപ്പിൽ അദ്ദേഹം രണ്ട് ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്.ഈ ബൈസിക്കിൾ കിക്ക് ഗോളിനെ കുറിച്ച് ചില കാര്യങ്ങൾ ബെല്ലിങ്ങ്ഹാം പറഞ്ഞിട്ടുണ്ട്.ആ ഗോൾ നേടിയതിനുശേഷം താൻ ക്രിസ്ത്യാനോ റൊണാൾഡോയാണോ എന്നുവരെ തോന്നിപ്പോയി എന്നാണ് ബെല്ലിങ്ങ്ഹാം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ബൈസിക്കിൾ കിക്ക് നേടാനുള്ള ഒരു കൃത്യമായ പൊസിഷനിലാണ് ആ ബോൾ വന്നു വീണത്.അതായിരുന്നു എന്റെ മുന്നിലുള്ള ഓപ്ഷൻ. ഞാൻ വായുവിൽ ഉയർന്നപ്പോൾ എനിക്ക് തോന്നിയത് ഞാൻ ആറടി മുകളിലേക്ക് പൊന്തിയോ എന്നാണ്. ഒരു നിമിഷം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്ന് വരെ തോന്നിപ്പോയി. പക്ഷേ യഥാർത്ഥത്തിൽ അത് ഉയരത്തിൽ ഒന്നുമല്ലായിരുന്നു.ഗോളിന്റെ വീഡിയോസ് കണ്ടപ്പോഴാണ് എനിക്ക് അത് മനസ്സിലായത്.എന്റെ ഒരു കൈ അപ്പോഴും ഗ്രൗണ്ടിൽ തന്നെ ഉണ്ടായിരുന്നു. അത് അത്ര വലിയ അക്രോബാറ്റിക് ഒന്നുമല്ലായിരുന്നു.പക്ഷേ അതൊരു മികച്ച കോൺടാക്ട് തന്നെയായിരുന്നു. തീർച്ചയായും എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഓർക്കാൻ ഇഷ്ടപ്പെടുന്നതുമായ ഒരു നിമിഷം തന്നെയാണ് ഇത് ” ഇതാണ് ബെല്ലിങ്ങ്ഹാം ആ ഗോളിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിലായിരുന്ന സമയത്ത് യുവന്റസിനെതിരെ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ലോകപ്രശസ്തമാണ്. അതുമായി താരതമ്യപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ ബെല്ലിങ്ങ്ഹാം സംസാരിച്ചിട്ടുള്ളത്. മത്സരത്തിൽ അത്ര മികച്ച പ്രകടനമൊന്നുമല്ല താരം നടത്തിയത്.പക്ഷേ സുപ്രധാനമായ ഗോൾ താരം നേടുകയായിരുന്നു.ഇനി ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡ് ആണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.