ഞാൻ ആരാണ് എന്നുള്ളതിന് മാപ്പ് പറയില്ല : റാഷ്ഫോർഡ്!
യൂറോ കപ്പിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ഇംഗ്ലണ്ട് ഇറ്റലിക്ക് മുന്നിൽ കിരീടം അടിയറവ് വെച്ചത്. ഇംഗ്ലണ്ടിന് വേണ്ടി പെനാൽറ്റി എടുത്ത മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുകയോ സാക്ക എന്നീ മൂന്ന് യുവതാരങ്ങൾക്കും പിഴക്കുകയായിരുന്നു. ഇതോടെ സ്വന്തം ആരാധകരിൽ നിന്ന് തന്നെ ഈ മൂന്ന് പേർക്കും പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നു. മാത്രമല്ല പലപ്പോഴും ഇവർ വംശീയമായി അധിക്ഷേപിക്കപ്പെടുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഫുട്ബോൾ ലോകത്ത് ഉയർന്നു വരുന്നത്. ഇതിനിടെ ആരാധകർക്ക് ഒരു തുറന്ന് കത്തുമായി രംഗത്ത് വന്നിരിക്കുകയാണ് മാർക്കസ് റാഷ്ഫോർഡ്. പെനാൽറ്റി പാഴാക്കിയതിൽ താൻ മാപ്പ് പറയുന്നുവെന്നും എന്നാൽ താൻ ആരാണ്, അല്ലെങ്കിൽ എവിടെ നിന്ന് വന്നു എന്നതിന് മാപ്പ് പറയില്ല എന്നുമാണ് റാഷ്ഫോർഡ് കുറിച്ചിട്ടുള്ളത്.താരത്തിന്റെ ഔദ്യോഗികപ്രസ്താവനയുടെ ചുരുക്കരൂപം ഇങ്ങനെയാണ്.
— Marcus Rashford MBE (@MarcusRashford) July 12, 2021
” എങ്ങനെ തുടങ്ങണമെന്നോ എന്തെഴുതണമെന്നോ എന്നെനിക്കറിയില്ല.കാരണം ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസികാവസ്ഥ വ്യത്യസ്ഥമാണ്. എനിക്ക് ഒരു ബുദ്ദിമുട്ടേറിയ സീസണായിരുന്നു ഇത്.ഒരുപക്ഷെ അതായിരിക്കാം ഫൈനലിൽ ആത്മവിശ്വാസമില്ലാതെ എത്തിയതിന്റെ കാരണം.പക്ഷേ ഞാൻ ആഗ്രഹിച്ച ഒരു ഫലമല്ല എനിക്ക് ലഭിച്ചത്.ഞാൻ പെനാൽറ്റി പാഴാക്കിയതിലൂടെ എന്റെ സഹതാരങ്ങളെയും ഞാൻ സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു.ആ നിമിഷം എന്റെ തലയിലൂടെ കടന്ന് പോയതിനെ കുറിച്ച് എനിക്ക് വിവരിക്കാനാവുന്നില്ല.55 വർഷത്തെ കാത്തിരിപ്പാണ്.ചരിത്രത്തിലേക്ക് നടന്നു കയറേണ്ട പെനാൽറ്റിയായിരുന്നു. പക്ഷേ ആ പെനാൽറ്റിയുടെ കാര്യത്തിൽ സംഭവിച്ചതിന് ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അത് വ്യത്യസ്ഥമായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.ഞാൻ എന്റെ സഹതാരങ്ങളോടും ക്ഷമ ചോദിക്കുന്നു.ഞങ്ങളൊരു സഹോദരസംഘമായിരുന്നു.
എന്റെ പ്രകടനത്തെ കുറിച്ചും എന്റെ പെനാൽറ്റിയേ കുറിച്ചുമുള്ള വിമർശനങ്ങൾ ഞാൻ ഉൾക്കൊള്ളുന്നു. എന്നാൽ ഞാൻ ആരാണ് എന്നതിന്റെ പേരിലോ, ഞാൻ എവിടെ നിന്നു വരുന്നു എന്നതിന്റെ പേരിലോ എന്റെ തൊലിയുടെ കളറിന്റെ പേരിലോ ഞാൻ മാപ്പ് പറയില്ല. ഇംഗ്ലണ്ട് ജേഴ്സി അണിയുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനനിമിഷം.എന്റെ കുടുംബത്തിനും അങ്ങനെ തന്നെ.നിങ്ങളുടെ നല്ല മെസ്സേജുകൾക്ക് ഞാൻ നന്ദി പറയുന്നു.ഞാനും നമ്മളും കരുത്തോടെ തിരിച്ചു വരും ” റാഷ്ഫോർഡ് കുറിച്ചു.