ഞാനെന്തിന് പെറു പരിശീലകന് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കണം? ടിറ്റെ പറയുന്നു !

തങ്ങളുടെ രണ്ടാമത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള എല്ലാ വിധ ഒരുക്കങ്ങളും നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ ബ്രസീൽ പൂർത്തിയാക്കി കഴിഞ്ഞു. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്‌ ബൊളീവിയയെ കെട്ടുകെട്ടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കാനറിക്കൂട്ടം പെറുവിനെതിരെ ബൂട്ടണിയുന്നത്. ബൊളീവിയക്കാൾ കരുത്തരായ എതിരാളാണ് പെറു എന്ന കാര്യത്തിൽ സംശയമില്ലെന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ വ്യക്തമാക്കി കഴിഞ്ഞു. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ടിറ്റെ തങ്ങളുടെ എതിരാളികളെ കുറിച്ച് സംസാരിച്ചത്. താൻ ആദ്യ ഇലവൻ കണ്ടുവെച്ചിട്ടുണ്ടെന്നും എന്നാൽ അത് പുറത്തു വിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ടിറ്റെ തുറന്നു പറഞ്ഞു. അത് പുറത്തു വിടുന്നതിലൂടെ താൻ എന്തിനാണ് പെറു പരിശീലകൻ ഗരെക്കക്ക്‌ കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കണം എന്നാണ് ടിറ്റെയുടെ നിലപാട്.

” ഞാൻ എന്റെ ടീമിനെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അത് പുറത്തു പറയാൻ ഞാൻ തയ്യാറല്ല. താരങ്ങൾക്ക്‌ അത് ഇന്നലെ മുതൽ തന്നെ അറിയാം. അടിസ്ഥാനപരമായ ഘടനകളും ആശയങ്ങളും പഴയത് പോലെ തന്നെയാണ്. പക്ഷെ പെറു പരിശീലകൻ ഗരെക്കക്ക്‌ എന്തിന് ഞാൻ കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കണം? ഇത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സാങ്കേതികപരമായും ശാരീരികപരമായും ബൊളീവിയക്കാൾ ഏറെ മികച്ച ടീമാണ് പെറു. നിലവിൽ കരുത്തരായ എതിരാളികൾ തന്നെയാണ് പെറു ” ടിറ്റെ പറഞ്ഞു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30 നാണ് മത്സരം. പെറുവിന്റെ മൈതാനത്ത്‌ വെച്ചാണ് ബ്രസീൽ മത്സരം കളിക്കുക. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമതാണ് ബ്രസീൽ.

Leave a Reply

Your email address will not be published. Required fields are marked *