ഞാനാകെ തകർന്നിരിക്കുകയാണ് :തുറന്ന് പറഞ്ഞ് റോഡ്രിഗോ!
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം മാഡ്രിഡിന് വേണ്ടി പുറത്തെടുക്കാൻ ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോക്ക് സാധിച്ചിരുന്നു.17 ഗോളുകളും 9 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. ക്ലബ്നോടൊപ്പം ചാമ്പ്യൻസ് ലീഗും ലാലിഗയും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ബാലൺഡി’ഓർ പട്ടികയിൽ മുൻനിരയിൽ തന്നെ സ്ഥാനം അർഹിച്ച താരമാണ് റോഡ്രിഗോ.
എന്നാൽ അദ്ദേഹം 30 പേരുടെ നോമിനി ലിസ്റ്റിൽ പോലും ഇടം നേടിയിട്ടില്ല.ഇത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.റോഡ്രിഗോ പോലും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.ഇപ്പോൾ തന്റെ നിരാശ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ബാലൺഡി’ഓർ ലിസ്റ്റിൽ നിന്നും തഴയപ്പെട്ട വിഷയത്തിൽ താനാകെ തകർന്നിരിക്കുകയാണ് എന്നാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.ESPN ബ്രസീലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ ആകെ തകർന്നിരിക്കുകയാണ്.തീർച്ചയായും ഞാൻ സ്ഥാനം അർഹിച്ചിരുന്നു. അവിടെയുള്ള താരങ്ങളെ വിലകുറച്ചു കാണാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ 30 പേരിൽ ഇടം നേടാൻ എനിക്ക് അർഹത ഉണ്ടായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.തീർച്ചയായും പുറത്തായത് ഒരല്പം അത്ഭുതപ്പെടുത്തി.പക്ഷേ ഇതിനേക്കാൾ കൂടുതൽ ഒന്നും എനിക്ക് ചെയ്യാനില്ല.ഇത്തരം കാര്യങ്ങൾ ഞാനല്ലല്ലോ തീരുമാനിക്കുന്നത്. ഏത് പൊസിഷനിലും എന്നെ പരിശീലകർ ഉപയോഗപ്പെടുത്തുന്നുണ്ട്. ഞാനൊരു ടീം പ്ലെയറാണ് ” ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.
ഡാനി ഒൽമോ,ഫിൽ ഫോഡൻ,ഗ്രിമാൾഡോ തുടങ്ങിയ പല താരങ്ങളും ഈ ലിസ്റ്റിൽ ഇടം നേടിയിരുന്നു. എന്നിട്ടും റോഡ്രിഗോക്ക് സ്ഥാനം ലഭിച്ചില്ല എന്നുള്ളത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിന്റെ വിജയഗോൾ നേടിയത് റോഡ്രിഗോയായിരുന്നു. ഇനി അടുത്ത മത്സരത്തിൽ ബ്രസീലും പരാഗ്വയും തമ്മിലാണ് ഏറ്റുമുട്ടുക.