ഞങ്ങൾക്ക്‌ പരസ്പരം കണ്ണുകൾ കൊണ്ട് മനസ്സിലാക്കാൻ സാധിക്കും : നെയ്മറെ കുറിച്ച് പക്വറ്റ പറയുന്നു!

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ ബ്രസീൽ. ഈ മാസം രണ്ട് മത്സരങ്ങളാണ് ബ്രസീൽ കളിക്കുക. ചിരവൈരികളായ അർജന്റീനയും കരുത്തരായ കൊളംബിയയുമാണ് ബ്രസീലിന്റെ എതിരാളികൾ. ഏതായാലും ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും ലുക്കാസ് പക്വറ്റയും ഇടം നേടിയിരുന്നു.

പലപ്പോഴും നല്ല ധാരണയോട് കൂടിയാണ് നെയ്മറും പക്വറ്റയും ബ്രസീൽ ടീമിൽ കളിക്കാറുള്ളത്. ഇത് തന്നെയാണ് പക്വറ്റ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നതും. നെയ്മർ തന്നെ എല്ലാ മേഖലയിലും സഹായിച്ചുവെന്നും തങ്ങൾക്ക്‌ പരസ്പരം കണ്ണുകൾ കൊണ്ട് മനസ്സിലാക്കാൻ സാധിക്കുമെന്നുമാണ് പക്വറ്റ അറിയിച്ചിട്ടുള്ളത്. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയോട് സംസാരിക്കുകയായിരുന്നു താരം.

” നെയ്മറൊരു മികച്ച പ്രൊഫഷണലും മികച്ച വ്യക്തിയുമാണ്.നാഷണൽ ടീമിൽ അദ്ദേഹം എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.എനിക്ക്‌ ആത്മവിശ്വാസം പകർന്നു നൽകിയിട്ടുണ്ട്. കാര്യങ്ങൾ എളുപ്പമാക്കി തന്നിട്ടുണ്ട്. കളത്തിൽ സാധാരണ രൂപത്തിലാണ് കാര്യങ്ങൾ സംഭവിക്കാറുള്ളത്, ഞങ്ങൾക്ക് പരസ്പരം കണ്ണുകൾ കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. എങ്ങോട്ടാണ് ബോൾ വേണ്ടതെന്നോ എങ്ങോട്ടാണ് ഓടേണ്ടതെന്നോ ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയും. കണ്ണുകൾ തമ്മിലുള്ള ഈ ഇന്ററാക്ഷൻ ആണ് കളത്തിൽ വ്യത്യസ്ഥതകൾ സൃഷ്ടിക്കുന്നത്.മൂവുകൾ ക്രിയേറ്റ് ചെയ്യുന്നതിൽ ഞങ്ങൾ വളരെയധികം കംഫർട്ടബിളാണ്.ഞാൻ ഫ്രഞ്ച് ലീഗിൽ എത്തിയ സമയത്ത് തന്നെ ഇതേകുറിച്ച് എനിക്ക് പറഞ്ഞു തന്നിരുന്നു. എനിക്ക് പെട്ടന്ന് തന്നെ അവിടെ അഡാപ്റ്റാവാൻ സാധിച്ചു.ഞാൻ അവിടെ എത്തിയ ഉടനെ തന്നെ കളിക്കാൻ കഴിഞ്ഞു.ഒരുപാട് ഉപദേശങ്ങൾ നെയ്മർ എനിക്ക് നൽകിയിരുന്നു.അത്കൊണ്ട് തന്നെ എനിക്കെന്ത് ചെയ്യണമെന്നതിനെ കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നു ” പക്വറ്റ പറഞ്ഞു.

നിലവിൽ ഫ്രഞ്ച് ക്ലബായ ലിയോണിന് വേണ്ടിയാണ് പക്വറ്റ കളിക്കുന്നത്.5 ഗോളുകൾ ഈ ലീഗ് വണ്ണിൽ ഇതിനോടകം തന്നെ പക്വറ്റ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *