ജർമ്മൻ ടീമിൽ കൂട്ട വിരമിക്കൽ!
കഴിഞ്ഞ യൂറോ കപ്പിൽ ആതിഥേയരായ ജർമ്മനിക്ക് നേരത്തെ തന്നെ പുറത്താവേണ്ടി വന്നിരുന്നു.ക്വാർട്ടർ ഫൈനലിൽ സ്പെയിനായിരുന്നു അവരെ തോൽപ്പിച്ചത്. നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും സ്പെയിനിന്റെ വെല്ലുവിളി അതിജീവിക്കാൻ അവർക്ക് സാധിക്കാതെ പോയി.അതേ സ്പെയിൻ തന്നെയാണ് ജർമ്മനിയുടെ മണ്ണിൽ യൂറോ കപ്പ് കിരീടം ഉയർത്തിയിട്ടുള്ളതും.
യൂറോ കപ്പ് അവസാനിച്ചതോടുകൂടി ജർമ്മൻ ദേശീയ ടീമിൽ കൂട്ടവിരമിക്കലാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. സൂപ്പർതാരം ടോണി ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.താരം നേരത്തെ വിരമിച്ചിരുന്നുവെങ്കിലും സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ ടൂർണമെന്റിൽ പങ്കെടുക്കാൻ വേണ്ടി വിരമിക്കൽ പിൻവലിച്ച് മടങ്ങി വരികയായിരുന്നു. കിരീടത്തോടുകൂടി മടങ്ങാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് നടന്നില്ല.ഉടൻതന്നെ അദ്ദേഹം വീണ്ടും വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു.
കൂടാതെ തോമസ് മുള്ളർ കൂടി ജർമ്മൻ ദേശീയ ടീമിന്റെ ജേഴ്സി അഴിച്ചു വച്ചിട്ടുണ്ട്. ജർമ്മനിക്ക് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള താരമാണ് മുള്ളർ. 2014 വേൾഡ് കപ്പ് നേടിയ ടീമിന്റെ ഭാഗമാവാൻ മുള്ളറിനും ക്രൂസിനുമൊക്കെ സാധിച്ചിട്ടുണ്ട്. ജർമ്മനിക്ക് വേണ്ടി നൂറ്റിമുപ്പത്തിയൊന്ന് മത്സരങ്ങൾ കളിച്ച മുള്ളർ 45 ഗോളുകളാണ് നേടിയിട്ടുള്ളത്.
കൂടാതെ ഇൽകെയ് ഗുണ്ടോഗൻ കൂടി വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.ബാഴ്സലോണ വിട്ടുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അദ്ദേഹം എത്തിയിരുന്നു. അതിന് തൊട്ടുമുന്നേയാണ് ജർമ്മനിയുടെ ടീമിൽ നിന്നും വിരമിക്കുന്ന കാര്യം ഗുണ്ടോഗൻ അറിയിച്ചത്. 33 വയസ്സ് മാത്രം ഉള്ള ഈ മധ്യനിര താരം ജർമ്മൻ ദേശീയ ടീമിന് വേണ്ടി 82 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.2011ലായിരുന്നു താരം അരങ്ങേറ്റം നടത്തിയത്.
ഏറ്റവും ഒടുവിൽ വിരമിച്ചത് അവരുടെ ഇതിഹാസ ഗോൾകീപ്പറായ മാനുവൽ ന്യൂയറാണ്.ഇന്നലെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 38 വയസ്സുള്ള ഈ താരം 2009 മുതൽ ജർമ്മനിയുടെ ഭാഗമാണ്. 124 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. താരവും ഇപ്പോൾ ജർമൻ ടീമിനോട് വിട പറഞ്ഞിട്ടുണ്ട്.ചുരുക്കത്തിൽ ഒരു തലമുറ മാറ്റം തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഇനി യുവതാരങ്ങളാൽ സമ്പന്നമായ ഒരു ജർമനിയെയാണ് കാണാൻ സാധിക്കുക.