ജർമ്മനി ഇന്ന് കളത്തിൽ, വമ്പൻ മാറ്റം വരുത്താൻ നഗൽസ്മാൻ!
യുവേഫ യൂറോ കപ്പിൽ ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ആതിഥേയരായ ജർമ്മനി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഡന്മാർക്കാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. മത്സരത്തിൽ ഡെൻമാർക്ക് ജർമ്മനിക്ക് കടുത്ത വെല്ലുവിളി ഉയർത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.
ആദ്യത്തെ രണ്ട് മത്സരങ്ങളും വിജയിച്ച ജർമ്മനി മൂന്നാമത്തെ മത്സരത്തിൽ സ്വിറ്റ്സർലാന്റിനോട് സമനില വഴങ്ങുകയായിരുന്നു. യഥാർത്ഥത്തിൽ അന്ന് ഫുൾക്രഗായിരുന്നു ജർമ്മനിയെ തോൽവിയിൽ നിന്നും രക്ഷിച്ചത്. അതേസമയം ഡെന്മാർക്ക് യൂറോ കപ്പിൽ ഒരൊറ്റ വിജയം പോലും നേടിയിട്ടില്ല. കളിച്ച മൂന്നു മത്സരങ്ങളിൽ മൂന്നിലും സമനില വഴങ്ങി കൊണ്ടാണ് അവർ ഇപ്പോൾ പ്രീ ക്വാർട്ടർ കളിക്കാൻ വരുന്നത്.എന്നാൽ ഇന്നത്തെ മത്സരത്തിൽ ജർമ്മനിയെ വിറപ്പിക്കാം എന്ന പ്രതീക്ഷയിലാണ് അവരുള്ളത്.
ജർമ്മനിയുടെ പരിശീലകനായ ജൂലിയൻ നെഗൽസ്മാൻ ഒരു വമ്പൻ മാറ്റം ഇന്നത്തെ മത്സരത്തിൽ വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഹാവർട്സിന് ഗോളടിക്കാനാവുന്നില്ല എന്നുള്ളത് ജർമ്മനിക്ക് തലവേദനയാണ്. പക്ഷേ അദ്ദേഹത്തെ മാറ്റാൻ നഗൽസ്മാന് താല്പര്യമില്ല. മറിച്ച് അദ്ദേഹം ഫ്ളോറിയാൻ വിർട്സിനെ പുറത്തിരുത്താൻ സാധ്യതയുണ്ട്. പകരം ഹാവർട്സ്,ഫുൾക്രഗ് എന്നിവരെ ഒരുമിച്ച് കളിപ്പിക്കാനാണ് സാധ്യത.ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത വിർട്സിന് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തിളങ്ങാൻ സാധിച്ചിരുന്നില്ല.അതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റാൻ ഇപ്പോൾ പരിശീലകൻ ആലോചിക്കുന്നത്. അതേസമയം മുസിയാല,ഗുണ്ടോഗൻ,ക്രൂസ്,ആൻഡ്രിച്ച് എന്നിവരൊക്കെ സ്റ്റാർട്ടിങ് ഇലവനിൽ തന്നെ ഉണ്ടായേക്കും. രണ്ട് യെല്ലോ കാർഡുകൾ വഴങ്ങിയതിനാൽ പ്രതിരോധനിര താരം ജൊനാഥൻ ടാക്ക് വിലക്കാണ്.അദ്ദേഹത്തിന്റെ അഭാവം ഇന്നത്തെ മത്സരത്തിൽ ജർമനിക്ക് ഒരു തിരിച്ചടിയായിരിക്കും.