ജർമ്മനിയെ മറികടന്നു, വേൾഡ് കപ്പ് ചരിത്രത്തിൽ പുതിയ റെക്കോർഡുമായി ബ്രസീൽ!
ഖത്തർ വേൾഡ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്രസീൽ സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയത്. മികച്ച പ്രകടനമാണ് മത്സരത്തിൽ ബ്രസീൽ പുറത്തെടുത്തത്. സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ,നെയ്മർ ജൂനിയർ,റിച്ചാർലീസൺ,പക്കേറ്റ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്.ഇനി ക്വാർട്ടറിൽ ബ്രസീലിന്റെ എതിരാളികൾ ക്രൊയേഷ്യയാണ്.
ഇന്നലത്തെ മത്സരത്തോടുകൂടി ബ്രസീൽ വേൾഡ് കപ്പ് ചരിത്രത്തിൽ ഒരു പുതിയ റെക്കോർഡ് കുറിച്ചിട്ടുണ്ട്. അതായത് വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം എന്ന റെക്കോർഡ് ഇനി ബ്രസീലിന് സ്വന്തമാണ്. 236 ഗോളുകളാണ് ബ്രസീൽ വേൾഡ് കപ്പിൽ ആകെ നേടിയിട്ടുള്ളത്.
Brazil put on a show for Pele ❤️ pic.twitter.com/gKbNiC8vFK
— GOAL (@goal) December 5, 2022
232 ഗോളുകൾ നേടിയിട്ടുള്ള ജർമ്മനിയെയാണ് ഇക്കാര്യത്തിൽ ബ്രസീൽ മറികടന്നിട്ടുള്ളത്.മൂന്നാം സ്ഥാനത്ത് അർജന്റീനയാണ് വരുന്നത്.144 ഗോളുകളാണ് അർജന്റീന വേൾഡ് കപ്പ് ചരിത്രത്തിൽ നേടിയിട്ടുള്ളത്. 129 ഗോളുകൾ നേടിയ ഫ്രാൻസും 113 ഗോളുകൾ നേടിയ ഇറ്റലിയുമാണ് പിന്നീട് പിറകിൽ വരുന്നത്. ബ്രസീലും ജർമ്മനിയും ഗോളുകളുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ് എന്നുള്ളത് ഈ കണക്കുകൾ തെളിയിക്കുന്നുണ്ട്.
22 വേൾഡ് കപ്പുകളിൽ,അതായത് എല്ലാ വേൾഡ് കപ്പുകളിലും പങ്കെടുത്ത ഏക ടീമാണ് ബ്രസീൽ. ബ്രസീലിന് വേണ്ടി വേൾഡ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോ നസാരിയോയാണ്.15 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. 12 ഗോളുകൾ നേടിയിട്ടുള്ള പെലെ രണ്ടാം സ്ഥാനത്താണ്. ഏതായാലും വേൾഡ് കപ്പിലെ ഭൂരിഭാഗം റെക്കോർഡുകളും സ്വന്തമാക്കുന്ന ബ്രസീലിനെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുന്നത്.