ജർമ്മനിയുടെ പരിശീലക സ്ഥാനത്തേക്ക് ക്ലോപ് എത്തുമോ? വാതിലുകൾ തുറന്നിട്ട് വൈസ് പ്രസിഡണ്ട്!
ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ക്ലബ്ബിലെ തന്റെ കരിയറിന് വിരാമം കുറിക്കാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സീസണിന് ശേഷം ലിവർപൂൾ പരിശീലക സ്ഥാനത്ത് നിന്നും താൻ പടിയിറങ്ങും എന്നുള്ള കാര്യം ക്ലോപ് തന്നെ സ്ഥിരീകരിച്ചിരുന്നു. 9 വർഷക്കാലമാണ് അദ്ദേഹം ലിവർപൂളിനെ പരിശീലിപ്പിച്ചിട്ടുള്ളത്. സാധ്യമായതെല്ലാം ക്ലബ്ബിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ഈ സീസണിന് ശേഷം ഒരു വർഷത്തേക്ക് ബ്രേക്ക് എടുക്കാനാണ് ക്ലോപ് തീരുമാനിച്ചിരിക്കുന്നത്. അതിനുശേഷമായിരിക്കും അദ്ദേഹം പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇദ്ദേഹത്തെ ജർമ്മൻ ദേശീയ ടീമിന്റെ പരിശീലകനാക്കാൻ അവർക്ക് താൽപര്യമുണ്ട്.DFB യുടെ വൈസ് പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഈ വർഷത്തെ യൂറോകപ്പിന് ശേഷമായിരിക്കും ക്ലോപിനെ അവർ പരിഗണിക്കുക. വൈസ് പ്രസിഡന്റ് സിമ്മർമാന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Germany will hope that after taking a sabbatical, Jürgen Klopp will coach the country for the 2026 World Cup. 🇩🇪
— Transfer News Live (@DeadlineDayLive) January 26, 2024
(Source: @CFBayern) pic.twitter.com/RNpCYMYtxV
“യുർഗൻ ക്ലോപ് ഒരു അസാധാരണമായ പരിശീലകനാണ്,അക്കാര്യത്തിൽ സംശയങ്ങൾക്ക് പോലും ഇടമില്ല. അതുപോലെതന്നെ ജർമൻ ദേശീയ ടീമിന്റെ കാൻഡിഡേറ്റുകളിൽ ഒന്നാണ് അദ്ദേഹം എന്ന കാര്യത്തിലും സംശയം വേണ്ട. വരുന്ന യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം ദേശീയ ടീമിന്റെ പരിശീലകനെ കുറിച്ച് നമുക്ക് സംസാരിക്കാം.ക്ലോപിനെയും മറ്റു ചിലരെയും ഞങ്ങൾ പരിഗണിക്കുന്നുണ്ട് ” ഇതാണ് ജർമൻ ഫുട്ബോൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ഏതായാലും ക്ലോപ് ഫ്രീ ഏജന്റാവുന്നതോടെ നിരവധി റൂമറുകൾ പുറത്തേക്ക് വരും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പല പ്രധാനപ്പെട്ട ക്ലബ്ബുകൾക്കും ദേശീയ ടീമുകൾക്കും അദ്ദേഹത്തെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാൻ താല്പര്യമുണ്ട്. പക്ഷേ സീസണിന് ശേഷം ഈ പരിശീലകന്റെ തീരുമാനം എന്താകും എന്നതാണ് അറിയേണ്ടത്.