ജർമ്മനിക്ക് ഏറ്റവും എളുപ്പമുള്ള എതിരാളികളായിരിക്കും ഇംഗ്ലണ്ട് : എഫെൻബർഗ്!

ഇന്ന് യൂറോ കപ്പിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ജർമ്മനി ഇംഗ്ലണ്ടിനെയാണ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-നാണ് ഈ മത്സരം അരങ്ങേറുക.ഗ്രൂപ്പ്‌ ഡിയിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ഇംഗ്ലണ്ട് വരുന്നതെങ്കിൽ ഗ്രൂപ്പ്‌ എഫിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി കൊണ്ടാണ് ജർമ്മനി വരുന്നത്. ഇരുടീമുകളും ഇതുവരെ 11 തവണയാണ് മേജർ ടൂർണമെന്റുകളിൽ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ഏഴ് തവണയും വിജയിക്കാനായി എന്നുള്ളത് ജർമ്മനിക്ക് ആശ്വാസം പകരുന്ന കാര്യമാണ്. ഇപ്പോഴിതാ ജർമ്മനി വളരെ എളുപ്പത്തിൽ ഇംഗ്ലണ്ടിനെ മറികടക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ജർമ്മൻ താരമായ സ്റ്റീഫൻ എഫെൻബർഗ്. ഈ യൂറോ കപ്പിൽ ജർമ്മനിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും എളുപ്പമുള്ള എതിരാളികൾ ഇംഗ്ലണ്ടായിരിക്കുമെന്നും ഇംഗ്ലണ്ടിനെ അനായാസം മറികടക്കാൻ ജർമ്മനിക്കാവുമെന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്പോർട്ട് വണ്ണിനോട്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” ഇതുവരെ ജർമ്മനിക്ക് ലഭിച്ച എതിരാളികളിൽ ഏറ്റവും എളുപ്പമുള്ള എതിരാളികളായിരിക്കും ഇംഗ്ലണ്ട് എന്നാണ് ഞാൻ കരുതുന്നത്.ജർമ്മനിയുടെ ഗ്രൂപ്പിലെ എതിരാളികൾ എല്ലാം ബുദ്ധിമുട്ടേറിയ എതിരാളികളായിരുന്നു. ലോകചാമ്പ്യൻമാരായ ഫ്രാൻസ്, യൂറോ ചാമ്പ്യൻമാരായ പോർച്ചുഗൽ,അത്ഭുതപ്രകടനം നടത്തുന്ന ഹങ്കറി എന്നിവരായിരുന്നു. ഇവരെ അതിജീവിക്കാൻ ജർമ്മനിക്ക് കഴിഞ്ഞു.ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല.മുന്നേറ്റനിരയിൽ ഹാരി കെയ്നിനെ ആശ്രയിച്ചു കളിക്കുന്നു എന്നുള്ളത് മാത്രമാണ് അവരെ വ്യത്യസ്ഥരാക്കുന്നത്. അതാവട്ടെ ഇതുവരെ ഫലം കണ്ടിട്ടില്ല.അത്കൊണ്ട് തന്നെ ഈ മത്സരം ജർമ്മനി വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്.സമ്മർദ്ദം ഇംഗ്ലണ്ടിന് മാത്രമാണ്.നിങ്ങൾ സ്വന്തം നാട്ടിൽ കളിക്കുന്നതിനാലും നിങ്ങൾക്ക് യുവനിര ഉള്ളതിനാലും അവർ നിങ്ങളിൽ നിന്ന് കിരീടമാണ് പ്രതീക്ഷിക്കുന്നത്.അത്കൊണ്ട് തന്നെ മത്സരത്തിൽ സമ്മർദ്ദം ഇംഗ്ലണ്ടിനാണ് ” എഫെൻബർഗ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *