ജീസസ്,കൂട്ടിഞ്ഞോ,ആൽവസ്,മാർട്ടിനെല്ലി എന്നിവരെ ടിറ്റെ ഒഴിവാക്കിയത് എന്തിന്?

ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. സെപ്റ്റംബർ 23ആം തീയതി നടക്കുന്ന മത്സരത്തിൽ ഘാനയെയും ഇരുപത്തിയേഴാം തീയതി നടക്കുന്ന മത്സരത്തിൽ ടുണീഷ്യയെയുമാണ് ബ്രസീൽ നേരിടുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബ്രസീലിന്റെ പരിശീലകനായ ടിറ്റെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഏവരെയും അമ്പരപ്പിക്കുന്ന കാര്യം വേൾഡ് കപ്പിന് തൊട്ടു മുന്നേയുള്ള മത്സരങ്ങളിൽ നിന്ന് സൂപ്പർ താരങ്ങളെ ഒഴിവാക്കിയതാണ്. അതിൽ എടുത്തു പറയേണ്ടത് ആഴ്സണലിന്റെ സൂപ്പർതാരമായ ഗബ്രിയേൽ ജീസസിന്റെ അഭാവമാണ്. ഈ സീസണിൽ കളിച്ച 7 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ജീസസ് മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ താരത്തെ ഒഴിവാക്കിയതിൽ ടിറ്റെക്ക് വിമർശനങ്ങൾ കേൾക്കുന്നുണ്ട്.

എന്നാൽ ഇതിനുള്ള ഉത്തരം ടിറ്റെ നൽകിയിട്ടുണ്ട്. ” ഗബ്രിയേൽ ജീസസ് ഇപ്പോൾ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അത് എനിക്കറിയാം.പക്ഷേ ബാക്കിയുള്ളവർ കൂടി ഇവിടെ അവസരങ്ങൾ അർഹിക്കുന്നുണ്ട് ” ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്. അതായത് ഖത്തർ വേൾഡ് കപ്പിന് തൊട്ടുമുന്നേ മുന്നേറ്റ നിരയിൽ കൂടുതൽ താരങ്ങളെ പരീക്ഷിക്കുന്നതിനുള്ള അവസാന അവസരമായി കൊണ്ടാണ് ടിറ്റെ ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെയാണ് ജീസസിനെ ഒഴിവാക്കിക്കൊണ്ട് പെഡ്രോ,കുഞ്ഞ എന്നിവർക്കൊക്കെ ഇപ്പോൾ ടിറ്റെ അവസരം നൽകിയിട്ടുള്ളത്. മറ്റൊരു ആഴ്സണൽ താരമായ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ കാര്യത്തിലും ഇതുതന്നെയാണ് ബ്രസീൽ പരിശീലകന്റെ നിലപാട്.

അതേസമയം സീനിയർ താരങ്ങളായ ഡാനി ആൽവസ്,ഫിലിപ്പെ കൂട്ടിഞ്ഞോ എന്നിവർക്കും ഈ ടീമിൽ ഇടം ലഭിച്ചിട്ടില്ല.ആൽവസ് നിലവിൽ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ താരത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലമാണ് ടിറ്റെ താരത്തെ ഒഴിവാക്കിയത് എന്നാണ് ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ നൽകുന്ന വിശദീകരണം.

സൂപ്പർ താരം കൂട്ടിഞ്ഞോയുടെ കാര്യത്തിലും സമാന അവസ്ഥ തന്നെയാണ്.7 മത്സരങ്ങളാണ് താരം ആസ്റ്റൻ വില്ലക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഒരു ഗോളാ ഒരു അസിസ്റ്റോ നേടാൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല പല മത്സരങ്ങളിലും ഫിറ്റ്നസ് പ്രശ്നങ്ങൾ കൊണ്ട് നേരത്തെ പിൻവലിക്കുകയും ചെയ്തിരുന്നു. ഇതുകൊണ്ടാണ് ടിറ്റെയിപ്പോൾ കൂട്ടിഞ്ഞോയെയും പരിഗണിക്കാത്തത്.

ഡാനി ആൽവസ്,കൂട്ടിഞ്ഞോ എന്നിവരുടെ കാര്യത്തിൽ ആരാധകർക്ക് വേവലാതി കുറവാണ്. പക്ഷേ മിന്നും ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ജീസസിനെയും മാർട്ടിനെല്ലിയെയും തഴഞ്ഞതിൽ ബ്രസീൽ ആരാധകർക്കിടയിൽ കടുത്ത എതിർപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *