ജീവിതകാലം മുഴുവനും ആ പെനാൽറ്റികൾ എന്നെ വേട്ടയാടും : ജോർഗീഞ്ഞോ
ഇന്നലെ നടന്ന വേൾഡ് കപ്പ് പ്ലേ ഓഫ് മത്സരത്തിൽ നോർത്ത് മാസിഡോണിയയോട് ഇറ്റലി അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു.ഇതോട് കൂടി വരുന്ന ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാനാവാതെ നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലി പുറത്താവുകയായിരുന്നു. തുടർച്ചയായി രണ്ടാമത്തെ വേൾഡ് കപ്പിനാണ് ഇറ്റലിക്ക് യോഗ്യത ലഭിക്കാനാവാതെ പോകുന്നത്.
യോഗ്യത റൗണ്ടിൽ സ്വിറ്റ്സർലാന്റിന് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തതാണ് ഇറ്റലിക്ക് വിനയായത്. അതുമാത്രമല്ല,സ്വിറ്റ്സർലാന്റിനെതിരെ നടന്ന രണ്ടു മത്സരങ്ങളിലും ഇറ്റലി സമനില വഴങ്ങുകയായിരുന്നു. ഈ രണ്ടു മത്സരങ്ങളിലും ഇറ്റലിക്ക് ഓരോ പെനാൽറ്റികൾ വീതം ലഭിച്ചിരുന്നു.എന്നാൽ ആ രണ്ട് പെനാൽറ്റികളും സൂപ്പർ താരം ജോർഗീഞ്ഞോ പാഴാക്കുകയായിരുന്നു. ആ പെനാൽറ്റികൾ ലക്ഷ്യം കണ്ടിരുന്നുവെങ്കിൽ ഇറ്റലിക്ക് നേരിട്ട് തന്നെ വേൾഡ് കപ്പിന് യോഗ്യത നേടാമായിരുന്നു.
NORTH MACEDONIA!!! ONE OF THE GREAT UPSETS OF ALL TIME 🤯
— ESPN FC (@ESPNFC) March 24, 2022
AS IT STANDS, ITALY ARE OUT OF THE WORLD CUP! pic.twitter.com/DBRBcUhZC5
ഏതായാലും ആ പെനാൽറ്റികൾ തന്നെ ജീവിതകാലം മുഴുവനും വേട്ടയാടുമെന്നാണ് ഇതേ കുറിച്ച് ജോർഗീഞ്ഞോ പറഞ്ഞത്. മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.ജോർഗീഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ആ പെനാൽറ്റികളെ കുറിച്ച് ചിന്തിക്കുമ്പോൾ അതെന്നെ വേദനിപ്പിക്കാറുണ്ട്. ഞാൻ അതിനെക്കുറിച്ച് ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. ജീവിതകാലം മുഴുവനും അതെന്നെ വേട്ടയാടും.രണ്ട് തവണയാണ് എനിക്ക് പിഴച്ചത്.എനിക്ക് രാജ്യത്തെ എനിക്ക് സഹായിക്കാൻ കഴിഞ്ഞില്ല. അതിന്റെ ഭാരം എന്നും എന്റെ ചുമലിൽ ഉണ്ടാവും.തലയുയർത്തി കൊണ്ട് മുന്നോട്ടുപോവാൻ ആളുകൾക്ക് പറയാൻ കഴിയും.പക്ഷെ അത് വളരെ ബുദ്ധിമുട്ടാണ് ” ഇതാണ് ജോർഗീഞ്ഞോ പറഞ്ഞിട്ടുള്ളത്.
നിലവിലെ യുറോ ചാമ്പ്യൻമാരായ ഇറ്റലിയുടെ പുറത്താവൽ ഫുട്ബോൾ ലോകത്ത് ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് അസൂറികൾ തുടർച്ചയായ രണ്ട് വേൾഡ് കപ്പിന് യോഗ്യത നേടാനാവാതെ പോകുന്നത്.