ജീവിക്കുന്നത് ഏറ്റവും സുന്ദരമായ നിമിഷത്തിൽ, ഫോമിലേക്ക് മടങ്ങിയെത്തിയ ശേഷം കൂട്ടീഞ്ഞോ പറയുന്നു !

കഴിഞ്ഞ ദിവസം നടന്ന ബ്രസീൽ vs ബൊളീവിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീൽ വിജയിച്ചു കയറിയത്. മത്സരത്തിൽ സൂപ്പർ താരം കൂട്ടീഞ്ഞോ ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. മത്സരത്തിന് ശേഷം തന്റെ ഇപ്പോഴത്തെ പ്രകടനത്തിനെ കുറിച്ച് സംസാരിക്കാനും താരം മറന്നില്ല. ജീവിത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലാണ് താൻ ജീവിക്കുന്നത് എന്നാണ് കൂട്ടീഞ്ഞോ അഭിപ്രായപ്പെട്ടത്. ഈയൊരു നിമിഷത്തിന് വേണ്ടിയായിരുന്നു താൻ ഇത്രകാലം പ്രവർത്തിച്ചിരുന്നതെന്നും സാധാരണത്തേതിലും കൂടുതൽ മൂന്നോ നാലോ തവണ താനിപ്പോൾ പരിശീലനം നടത്താറുണ്ടെന്നും കൂട്ടീഞ്ഞോ അറിയിച്ചു. ബയേണിൽ നിന്നും ലോൺ കഴിഞ്ഞ് തിരിച്ചെത്തിയ കൂട്ടീഞ്ഞോ ബാഴ്‌സയിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. അതേ ഫോം തന്നെ ബ്രസീലിലും നിലനിർത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നെയ്മർ-കൂട്ടീഞ്ഞോ സഖ്യത്തിന്റെ ഒരുപിടി മികവുറ്റ നീക്കങ്ങൾ കഴിഞ്ഞ ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ കാണാനായിരുന്നു.

” എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലാണ് ഞാനിപ്പോൾ ജീവിക്കുന്നത്. ഒരുപാട് ലക്ഷ്യങ്ങളോട് കൂടിയാണ് ഞാൻ ബാഴ്‌സയിലേക്ക് തിരികെയെത്തിയത്. എന്റെ ലക്ഷ്യങ്ങൾ സഫലമാക്കാൻ വേണ്ടി ഞാൻ പതിവിലും കൂടുതൽ പ്രവർത്തിക്കുന്നുണ്ട്. ദേശീയ ടീമിനൊപ്പവും മികച്ച കളി കാഴ്ച്ചവെക്കാൻ തന്നെയാണ് ഞാൻ ശ്രമിക്കുന്നതും. ശാരീരികപരമായി ചില മാറ്റങ്ങൾ ഞാൻ വരുത്തിയിരുന്നു. തീർച്ചയായും ഞാൻ പുരോഗതി കൈവരിക്കാൻ ആഗ്രഹിച്ചിരുന്നു. ബയേണിൽ ആയിരുന്ന സമയത്ത് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഇപ്പോൾ ഇവിടെ ഞാൻ സാധാരണ ചെയ്യുന്നതിലും കൂടുതൽ മൂന്നോ നാലോ തവണ പരിശീലനം നടത്തുന്നുണ്ട്. ശാരീരികപരമായി ഒരുപാട് മെച്ചപ്പെടാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ബയേണിൽ താരങ്ങളെയെല്ലാം ഫിസിക്കലായി മെച്ചപ്പെടുത്താൻ അവർക്ക് സാധിക്കാറുണ്ട് ” കൂട്ടീഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *