ചിലിയെയും കീഴടക്കി, ഒന്നാം സ്ഥാനം സുരക്ഷിതമാക്കി ബ്രസീൽ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ ബ്രസീലിന് വിജയം. ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെയാണ് ബ്രസീൽ കീഴടക്കിയത്.മത്സരത്തിന്റെ 64-ആം മിനുട്ടിൽ എവെർട്ടൻ റിബയ്‌റോ നേടിയ ഗോളാണ് ബ്രസീലിന് ജയം നേടികൊടുത്തത്.ജയത്തോടെ ബ്രസീൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 7 മത്സരങ്ങളിൽ ഏഴിലും ജയിച്ച ബ്രസീലിന്റെ പോയിന്റ് സമ്പാദ്യം 21 ആണ്. ഇനി അർജന്റീനക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.

നെയ്മർ, വിനീഷ്യസ്, ഗാബിഗോൾ എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റനിരയിൽ അണിനിരന്നത്. മത്സരത്തിന്റെ 26-ആം മിനുട്ടിൽ ഗോൾ നേടാനുള്ള ഒരു സുവർണ്ണാവസരം ബ്രസീലിന് ലഭിച്ചുവെങ്കിലും നെയ്മർ അത് പാഴാക്കുകയായിരുന്നു.64-ആം മിനുട്ടിലാണ് പകരക്കാരനായി ഇറങ്ങിയ എവെർട്ടൻ ഗോൾ കണ്ടെത്തിയത്. നെയ്മറുടെ ശ്രമം ബ്രാവോ തടഞ്ഞിട്ടുവെങ്കിലും റീബൗണ്ട് ആയി ലഭിച്ച ബോൾ ഒരു തകർപ്പൻ ഷോട്ടിലൂടെ എവെർട്ടൻ വലയിൽ എത്തിക്കുകയായിരുന്നു. ഈയൊരു ഗോളാണ് ബ്രസീലിന് ജയം സമ്മാനിച്ചത്. പന്തടക്കത്തിൽ ആധിപത്യം പുലർത്താൻ ചിലിക്ക് ആയെങ്കിലും ബ്രസീൽ ഗോൾ കീപ്പർ വെവെർടണിന്റെ പ്രകടനം അവർക്ക് വിലങ്ങു തടിയാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *